വിദ്യാഭ്യാസ മന്ത്രി പറഞ്ഞു: അരയി അക്ഷരംപ്രതി പാലിച്ചു
"സാർ, ഞങ്ങൾക്കിനി പ്ലാസ്റ്റിക് ആഭരണങ്ങൾ വേണ്ട. തലമുടി 
ഒതുക്കാൻ വെച്ച ഹെയർ ബോയും ക്ലിപ്പും കാതിലും കഴുത്തിലും കൈയിലും അണിഞ്ഞ 
വിവിധ തരം  പ്ലാസ്റ്റിക് ആഭരണങ്ങൾ ഓരോന്നായി ഊരി നൂറ്റി അമ്പതോളം പെൺ 
കുട്ടികൾ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണനെ ഏല്പിച്ചു.പൊതു വിദ്യാഭ്യാസ 
സംരക്ഷണ യജ്ഞത്തിനു മുന്നോടിയായി സ്കൂൾ അസംബ്ലിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ
 ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം കേട്ട കുട്ടികളാണ് ഒന്നടങ്കം പ്ലാസ്റ്റിക് 
വിമുക്ത സൗന്ദര്യം മതിയെന്ന ഉറച്ച തീരുമാനത്തിലെത്തിയത്. പൊതുവിദ്യാഭ്യാസ 
സംരക്ഷണ യജ്ഞത്തിന് രണ്ട് വർഷം മുമ്പെ "എന്റെ പാത്രം നിനക്കു കണ്ണാടി 
"പദ്ധതിയിലൂടെ ആഹാരത്തിലും ജലോപയോഗത്തിലും മിതവ്യയം ശീലിച്ച കുട്ടികളാണ് 
ശരീര സൗന്ദര്യത്തിന് പ്രകൃതിദത്ത വസ്തുക്കൾ മാത്രം മതിയെന്ന് പ്രതിജ്ഞ 
എടുത്തത്.
രാവിലെ 11 മണിക്ക് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്ത 
രക്ഷിതാക്കളും നാട്ടുകാരും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ ആവേശത്തോടെ 
മുന്നോട്ടു വന്നു. ഭക്ഷണ വിതരണത്തിനും കുടിവെള്ള വിതരണത്തിനും ആവശ്യമായ ഏഴ്
 സ്റ്റീൽ ജാറുകൾ, ഇരുന്നൂറ്റി അമ്പത് സ്റ്റീൽ തളികകൾ, ഗ്ലാസുകൾ എന്നിവ 
രണ്ടു ദിവസത്തിനകം സ്കൂളിലെത്തിക്കാനാവശ്യമായ പതിനായിരത്തിലധികം രൂപ 
പ്രധാനാധ്യാപകനെ ഏല്പിച്ചാണ് അവർ മടങ്ങിയത്.കുടുംബശ്രീകളുടെ സഹകരണത്തോടെ 
സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാക്കാനുള്ള ആലോചനകളും നടന്നു.നഗരസഭാ 
കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി.രാജൻ 
അധ്യക്ഷത വഹിച്ചു.
 



 







































