Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, മാർച്ച് 28, തിങ്കളാഴ്‌ച

പയറുവര്‍ഷം..... തിരുവാതിര

പയറുവര്‍ഷം..... തിരുവാതിര
അരയിയിലെ മങ്കമാർ ഇക്കുറി തിരുവാതിര കളിക്കുന്നത് ഭർത്താവിന്‍റെ ദീർഘായുസ്സിനു വേണ്ടിയല്ല. നാടിന്‍റെ പോഷക സമൃദ്ധിക്കായി. പയറു വർഷത്തിന്‍റെ പ്രാമാണിത്തം തിരുവാതിരയിലൂടെ അരങ്ങിലെത്തിക്കുക വഴി നാടിന്‍റെ മാംഗല്യമാണ് ഇവർ സ്വപ്നം കാണുന്നത്.
കാഞ്ഞങ്ങാട് നഗരസഭ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുദ്ദേശിക്കുന്ന അരയി ഗവ.യു.പി.സ്കൂളിലാണ് വാർഷികാഘോഷത്തിന്‍റെ  ഭാഗമായി മദർ പിടിഎ വ്യത്യസ്തമായ തിരുവാതിര അവതരിപ്പിക്കുന്നത്.
ഏപ്രിൽ 1ന് രാത്രിയിലാണ് അവതരണം.കഴിഞ്ഞ ഒരു മാസമായി മദർ പി ടി എ നിർവാ ഹക സമിതി അംഗവും പ്രശസ്ത തിരുവാതിര പരിശീലകയുമായ ലതയുടെ നേതൃത്വത്തിൽ മുപ്പതോളം വനിതകൾ തീവ്രപരിശീലനത്തിലാണ്. സ്കൂൾ അധ്യാപിക ശോഭന കൊഴുമ്മലും ലതയും ചേർന്നാണ് വരികൾ ചിട്ടപ്പെടുത്തിയത്.
നിറപറയി ൽ വിവിധ തരം പയർ വിത്തുകൾ കൊണ്ട് നിറയ്ക്കും. കതിരുകൾക്ക് പകരം മദർ പിടിഎ അംഗങ്ങൾ ജൈവ പച്ചക്കറിത്തോട്ടത്തിൽ വിളയിച്ച നീളൻ പയർ ഉപയോഗിക്കും.
"മണ്ണിനെയും മനുഷ്യനെയും എന്നുമെന്നും പോഷിപ്പിക്കും
മണ്ണിലെ പോഷണം കൂട്ടും പയറു വർഗം കൃഷി ചെയ്യാം " എന്നു തുടങ്ങുന്ന സരസ്വതീവന്ദനവും
"ആരോഗ്യത്തെ സംരക്ഷിക്കും അന്നജം പ്രദാനം ചെയ്യും പയറു വിള സംരക്ഷിക്കാൻ അന്താരാഷ്ട്ര പയറു വർഷം " എന്നിങ്ങനെയുള്ള ഗണപതി സ്തുതിയും തിരുവാതിരയ്ക്ക് വേറിട്ട താളം നൽകുന്നു. അര മണിക്കൂർ ദൈർഘ്യമുള്ളതാണ് കളി.

2016, മാർച്ച് 24, വ്യാഴാഴ്‌ച

യാത്രയയപ്പും വാര്‍ഷികാഘോഷവും


യാത്രയയപ്പും  വാര്‍ഷികാഘോഷവും

അരയി ഗവ.യുപി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്:

അരയി ഗവ.യുപി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്:
  അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്.

അരയി ഗവ.യുപി സ്കൂളില്‍ അധ്യാപകരുടെയും പിടിഎയുടെയും വികസനസമിതിയുടെയും യോഗം ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് മുറിയനാവി അദ്ധ്യക്ഷത വഹിച്ചു.  ഡോ.പി.കെ.ജയരാജ് പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. സി.കെ.വല്‍സലന്‍, കെ.അമ്പാടി, എസ്.സി റഹ്മത്ത്, കെ.സതീശന്‍, എസ്.ജഗദീശന്‍, ടി.ഖാലിദ്, പി.രാജന്‍, ശോഭന കൊഴുമ്മല്‍, കെ.വനജ, കെ.വി.സൈജു, പ്രധാന അധ്യാപകന്‍ കൊടക്കാട് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂരോല്‍സവത്തെ വരവേറ്റ് അരയി സ്കൂളില്‍ പൂരച്ചോറ്

പൂരോല്‍സവത്തെ വരവേറ്റ് അരയി സ്കൂളില്‍ പൂരച്ചോറ്
 പരീക്ഷാ തിരക്കിനിടയില്‍ വിരുന്നെത്തിയ പൂരോല്‍സവത്തെ വരവേറ്റ് അരയി ഗവ.യുപി സ്കൂളില്‍ പൂരച്ചോറ് വിതരണം. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ജാതി-മത വ്യത്യാസമില്ലാതെ പൂരോല്‍സവത്തിന്‍റെ ഭാഗമായി വീടുകളില്‍ തയ്യാറാക്കുന്ന പൂരപ്രസാദം വിതരണം ചെയ്തു. നാടന്‍ ഉണക്കലരിയില്‍ പച്ചത്തേങ്ങ ചേര്‍ത്ത് തയ്യാറാക്കിയ പൂരച്ചോറിനോടൊപ്പം സ്കൂള്‍ ജൈവപച്ചക്കറിത്തോട്ടത്തില്‍ നിന്നും വിളവെടുത്ത ചെരങ്ങയും പച്ചമുളകും പരിപ്പും ചേര്‍ത്ത് ഉണ്ടാക്കിയ കറിയും വിളമ്പിയപ്പോള്‍ കുട്ടികള്‍ക്കത് സ്വാദിഷ്ടമാര്‍ന്ന വിഭവമായി. സ്കൂള്‍ പാചകത്തൊഴിലാളി കാരാട്ട് നാരായണിയമ്മയുടെ നേതൃത്വത്തിലാണ് പൂരച്ചോറ് തയ്യാറാക്കിയത്. വിതരണോദ്ഘാടനം പ്രധാന അധ്യാപകന്‍ കൊടക്കാട് നാരായണന്‍ നിര്‍വ്വഹിച്ചു.

2016, മാർച്ച് 8, ചൊവ്വാഴ്ച

സംസ്ഥാന മികവുത്സവം..


സംസ്ഥാനത്തും മികവ് തെളിയിച്ച് കാസർഗോട്ടെ കുട്ടികൾ

കാഞ്ഞങ്ങാട്: തിരുവനന്തപുരത്ത്  സമാപിച്ച സംസ്ഥാന മികവുത്സവത്തിൽ  കാസർഗോട്ടെ കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.അരയി ഗവ.യു.പി.സ്കൂൾ, കുറ്റിക്കോൽ പഞ്ചായത്തിലെ എൻ.സി.  എം എ .എൽ .  പി.സ്കൂൾ  ശങ്കരമ്പാടി,  പിലിക്കോട്  ചന്തേര  ഇസ ത്തുൽ  ഇസ്ലാമിയ എ.എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങളാണ് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മികവുത്സവത്തിൽ പങ്കെടുത്തത്.കഴിഞ്ഞ  ഒരധ്യയന വർഷം  പഠന നിലവാരത്തിൽ  കൈവരിച്ച  നേട്ടങ്ങളുമായാണ് അരയി ഗവ.യു.പി.സ്കൂൾ ടീം തലസ്ഥാനത്ത്  എത്തിയത്. ശിശു സൗഹൃദ ക്ലാസ് മുറികൾ - പരിസ്ഥിതി  സൗഹൃദ ക്യാമ്പസ് എന്ന മേഖലയിൽ അരയി  അവതരിപ്പിച്ച  പ്രബന്ധം വിധി കർത്താക്കളുടെയും വിദ്യാ ഭ്യാസവിദഗ്ദ്ധരടങ്ങിയ സദസ്സിന്റെയും കയ്യടി നേടി.
സാമൂഹ്യ പങ്കാളിത്ത മേഖലയിൽ ചന്തേര സ്കൂൾ കൈവരിച്ച നേട്ടവും  പ്രശംസയ്ക്ക് പാത്രമായി. ലോവർ പ്രൈമറി ക്ലാസു കളിലെ ശാസ്ത പരീക്ഷണങ്ങളാണ് ശങ്കരമ്പാടി 
സ്കൂളിലെ  കുട്ടികൾ  വിഷയാധിഷ്ടിത പഠന  മേഖല യിൽ അവതരിപ്പിച്ചത്. ഓരോ വിദ്യാലയത്തിൽ നിന്നും നാലു വീതം വിദ്യാർഥികളാണ് പ്രബന്ധാവതരണത്തിൽ പങ്കെടുത്തത്.
സമാപന  ചടങ്ങിൽ  പ്രശസ്ത സിനിമാ  നടൻ ഷോബി  തിലകൻ  വിദ്യാലയങ്ങൾക്കുള്ള ടോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.എസ്.എസ്.എ.  സ്റ്റേറ്റ് ഡയരക്ടർ ഇ.പി.  മോഹൻ ദാസ് അധ്യക്ഷത  വഹിച്ചു.
ജില്ലാ. പ്രൊജക്ട് ഓഫീസർ ഡോ: എം.ബാലന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാഭ്യാസ ഓഫീസർമാരുമടക്കം നാല്പത്തിയെട്ട് പേരാണ്  ജില്ലാ ടീമിൽ  ഉണ്ടായിരുന്നത്.
പ്രബന്ധാവതരണത്തോടൊപ്പം മികവ് പ്രദർശനവുമുണ്ടായി.നാലാം സ്ഥാനത്തിന്  ജില്ലയ്ക്കുള്ള  ട്രോഫിയും  സർട്ടിഫിക്കറ്റും ഡോ എം.ബാലൻ ഏറ്റു വാങ്ങി
കൊടക്കാട് നാരായണന്റെ നേതൃത്വത്തിൽ സംസ്ഥാനമിക വുത്സവത്തിൽ പങ്കെടുത്ത അരയി സ്കൂൾ വിദ്യാർഥികളായ  കെ.ആദിത്യൻ, കെ.അനുശ്രീ, ടി. അനുശ്രീ, പി.കെ. സ്നേഹമോൾ, പി ടി എ പ്രസിഡന്റ് പി രാജൻ അധ്യാപികമാരായ ശോഭന കൊഴുമ്മൽ, പി.ബിന്ദു എന്നിവർക്ക്  സ്കൂളിൽ  സ്വീകരണം  നൽകി.