Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2017, മാർച്ച് 8, ബുധനാഴ്‌ച

അരയി സ്കൂളിൽ എല്ലാ കുട്ടികൾക്കും ആയിരം മണിക്കൂർ


ലാം വഴികാട്ടി :
അരയി സ്കൂളിൽ എല്ലാ കുട്ടികൾക്കും ആയിരം മണിക്കൂർ.
അധ്യയനവർഷം അവസാനിക്കാൻ ഇരുപത് പ്രവൃത്തി ദിനങ്ങൾ അവശേഷിക്കുമ്പോൾ എല്ലാ കുട്ടികൾക്കും ആയിരം മണിക്കൂർ സമ്മാനിച്ച് കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂൾ. മുൻ രാഷ്ട്രപതി എ .പി.ജെ.അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ അനുസ്മരിച്ച് കഴിഞ്ഞ അധ്യയന വർഷം ഒരാഴ്ച അധിക സമയം പ്രവർത്തിച്ച വിദ്യാലയം ഈ വർഷം ജൂൺ ഒന്ന് മുതൽ തന്നെ കലാമിന്റെ പിരിയഡ് എന്ന പേരിൽ എല്ലാ ദിവസവും  രാവിലെ 9.15 ന് തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. കുട്ടികളുടെ എണ്ണം കുറഞ്ഞ് പൂട്ടേണ്ട അവസ്ഥയിലായ ഈ വിദ്യാലയത്തിൽ  ജനകീയ ഇടപെടലുകളിലൂടെ ഇന്ന് മൂന്നിരട്ടിയോളം  കുട്ടികൾ പഠിക്കുന്നു.


അധ്യയന വർഷത്തിലെ 175 പ്രവൃത്തി ദിവസങ്ങൾ പൂർത്തിയായപ്പോൾ ആയിരത്തി നാല്  സാധ്യായ മണിക്കൂറുകൾ തികച്ചിരിക്കയാണ് ഈ സർക്കാർ വിദ്യാലയം.പ്രധാനാധ്യാപകൻ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണന്റെ നേതൃത്വത്തിൽ അധ്യാപകരായ ശോഭന കൊഴുമ്മൽ, കെ.വി സൈജു.,കെ.വനജ, ടി.വി.പ്രകാശൻ, എ.വി.ഹേമാവതി,പിബിന്ദു, സിനി എബ്രഹാം, കെ.ശ്രീജ, കെ.ഷീബ, ടി.വി.സവിത എന്നിവരോടൊപ്പം ഓഫീസ് അറ്റൻഡർ കെ.അനിത ,രക്ഷിതാക്കൾ ,വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ്മയിലൂടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തന്നെ അഭിമാനമായി ഇത്തരമൊരു  നേട്ടം കൊയ്യാൻ ഈ വിദ്യാലയത്തിനായത്.
മികവുത്സവങ്ങൾ, വാർഷികം, മൂല്യനിർണയം എന്നിവയ്ക്കു  പുറമെ എസ്.എസ്.എ യുടെ സഹവാസങ്ങൾക്കും കൂടി  ഈ മാസം സമയം കണ്ടെത്തേണ്ടി  വരുമ്പോൾ ആയിരം മണിക്കൂർ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങും.പത്താംതരം  മോഡലിനും പൊതു പരീക്ഷയ്ക്കും വേണ്ടി ഫെബ്രുവരി മാസത്തിൽ തന്നെ ക്ലാസുകൾ അവസാനിപ്പിച്ച ഹൈസ്കൂളുകളിലെ ഒന്നാം തരം തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആകെ ലഭിച്ച സാധ്യായ മണിക്കൂറുകൾ തൊള്ളായിരത്തിനടുത്തേ വരൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ