Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2017, ജൂൺ 17, ശനിയാഴ്‌ച

ചങ്ങമ്പുഴ കാവ്യോത്സവം

ചങ്ങമ്പുഴ കാവ്യോത്സവം
മലയാളികളുടെ ഹൃദയ തീരങ്ങളെ കുളിരണിയിച്ച് ഒഴുകിയ മഹാനദിയാണ് മഹാ കവി ചങ്ങമ്പുഴയെന്ന് യുവകവി സി.എം.വിനയചന്ദ്രൻ പറഞ്ഞു. കവിയുടെ എഴുപതാം ചരമദിനത്തിന്റെ ഭാഗമായി അരയി ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച കാവ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുന്നുകളും കാടുകളും പുഴകളും നിറഞ്ഞ മനോഹരമായ ഗ്രാമഭംഗിയെ തന്റെ കാവ്യ വീണയിലൂടെ വായനക്കാർക്ക് മറക്കാനാവാത്ത അനുഭവമാക്കി മാറ്റിയ കവി വര്യനാണ് ചങ്ങമ്പുഴ കൃഷ്ണപ്പിള്ള.അദ്ദേഹത്തിന്റെ പേരും പെരുമയും മലയാളികളുള്ളിടത്തോളം നിലനില്ക്കും. വിനയചന്ദ്രൻ അഭിപ്രായപ്പെട്ടു.
പി ടി എ പ്രസിഡന്റ് പി.രാജൻ അധ്യക്ഷത വഹിച്ചു. അമേയ കവിത ചൊല്ലി.പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പ്രകാശൻ കരിവെള്ളൂർ, ശോഭന കൊഴുമ്മൽ, അഫ്സൽ എന്നിവർ പ്രസംഗി ച്ചു. രമണൻ മഹാകാവ്യത്തിന്റ പിറന്നാൾ പ്രമാണിച്ച് വിപുലമായ പരിപാടികൾ വിദ്യാരംഗം കലാ സാഹിത്യ വേദി ആസൂത്രണം ചെയ്തിട്ടുണ്ട്.

ലോക ബാലവേല വിരുദ്ധ ദിനാചരണം

പാലൈസ് പാവനാടകം
 പ്രശസ്ത കവി മോഹനകൃഷ്ണൻ കാലടിയുടെ പാലൈസ് എന്ന കവിതയെ  ആസ്പദമാക്കി അരയി ഗവ.യു.പി.സ്കൂൾ സീഡ് കൂട്ടുകാർ പാവനാടകം അവതരിപ്പിച്ചു. ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ഇതേ വിഷയം പ്രമേയമായ കവിതയെ പാവനാടകമാക്കി അവതരിപ്പിച്ചത്.
ഹോട്ടൽ മുതലാളിയുടെ പീഡനം കൊണ്ട് പൊറുതി മുട്ടിയ കുട്ടി സ്ലേറ്റിനെയും പെൻസിലിനെയും കണ്ടുമുട്ടുന്നതും അവർ തമ്മിലുള്ള കൊച്ചുവർത്തമാനവുമാണ് കവിതയിലെ ഇതിവൃത്തം.ബാലപീഡനത്തിന്റെ പേരിൽ മുതലാളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെയാണ് നാടകം അവസാനിക്കുന്നത്. സ്കൂൾ അധ്യാപകനും നാടക രചയിതാവുമായ പ്രകാശൻ കരിവെള്ളൂരും ശരത്ത് അരയിയുമാണ്  പാവനാടകത്തിന്റെ അണിയറയിൽ.വിദ്യാർഥികളായ കെ. ആദിത്യൻ, പി.കെ. ആദിത്യൻ, കെ.ഗോപിക, കെ. ദേവിക എന്നിവർ ശബ്ദം നൽകി.പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു.

2017, ജൂൺ 5, തിങ്കളാഴ്‌ച

പരിസ്ഥിതി ദിനാചരണം

പാരമ്പര്യ വൈദ്യന്മാർ ഒത്തുകൂടി : അരയി സ്കൂളിൽ നീർമാതളം ജൈവോദ്യാനത്തിന്
തുടക്കമായി .
നവതി കഴിഞ്ഞ ആറങ്ങാടി വൈദ്യരെന്ന അരയി നാരായണൻ വൈദ്യരും
പത്നി ശാരദാമ്മയും തളിപ്പറമ്പിലെ പ്രശസ്തമായ മൈക്കീൽ വൈദ്യ കുടുംബത്തിലെ ചരകൻ
രവീന്ദ്രൻ വൈദ്യരും കുട്ടികളുമായി നടത്തിയ സംവാദം കൊണ്ട് അരയി ഗവ.യു.
പി.സ്കൂളിലെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തമായ അനുഭവമായി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നിർമിക്കുന്ന
നീർമാതളം ജൈവോദ്യാനത്തിന് തുടക്കം കുറിക്കാൻ എത്തിയതായിരുന്നു നാടിന്റെ
പ്രിയപ്പെട്ട ദിഷഗ്വരന്മാർ.
സ്കൂൾ മുറ്റത്ത് നിർമിക്കുന്ന ഉദ്യാനത്തിൽ നിർമാതാളത്തിനു പുറമെ അപൂർവങ്ങളായ
നൂറോളം ഔഷധ സസ്യങ്ങൾ ഇന്ന് നട്ടു. വൈദ്യന്മാരും കുട്ടികളും നാട്ടിൽ നിന്നു
തന്നെശേഖരിച്ചവയായിരുന്നു ഇവയെല്ലാം.
പി ടി എ പ്രസിഡന്റ് പി.രാജൻ ,പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പി ഭാസ്കരൻ
അരയി, പ്രകാശൻ കരിവെള്ളൂ ർ, ലിസി ജേക്കബ്, എസ്..ജഗദീശൻ, സിനി എബ്രഹാം,
എസ്.സി.റഹ്മത്ത് എന്നിവർ പ്രസംഗിച്ചു.സ്കൂൾ ലീഡർ കെ. ആദിത്യൻ പരിസ്ഥിതി
പ്രതിജ്ഞ ചൊല്ലി.

പ്രവേശനോത്സവത്തിൽ മുത്തശ്ശി

പ്രവേശനോത്സവത്തിൽ മുത്തശ്ശി: പെരുത്ത് ഇഷ്ടായി കുരുന്നുകൾക്ക്
പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി 'മുത്തശ്ശി '. കഥകളും പാട്ടുകളും പഴഞ്ചൊല്ലുകളും കടം കഥകളും പറഞ്ഞ് പേരക്കുട്ടികളെ ഭാഷയുടെ മഹാകാശത്തേക്ക് പറത്താൻ കരുത്തു പകരുന്ന മുത്തശ്ശിമാർ  അന്യമായ പുതിയ കാലത്ത് തൊണ്ണൂറ് തികഞ്ഞ മുത്തശ്ശി വാ വെളുക്കെ ചിരിച്ചപ്പോൾ പേരക്കുട്ടികൾക്ക് പെരുത്ത സന്തോഷം. ആദ്യ ദിനത്തിന്റെ ആശങ്കകൾക്ക് പകരം ആഹ്ലാദത്തിന്റെ പൂത്തിരി കത്തിച്ച് അരയി ഗവ.യു.പി.സ്കൂളിലെ പ്രവേശനോത്സവം നവ്യാനുഭവമായി. വിവിധ ക്ലാസുകളിൽ പുതുതായി എത്തിയ എഴുപതോളം കുട്ടികൾക്ക്‌   മുത്തശ്ശിയുടെ ശില്പം  കൗതുകം പരത്തി. ഒരാൾ പൊക്കത്തിലുള്ള കാർഡ് ബോർഡിൽ നിർമ്മിച്ച ശില്പം ഘോഷയാത്രയിൽ കുട്ടികളോടൊപ്പം മുൻ നിരയിൽ തന്നെ നിന്നു.
നഗരസഭ കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.രാജൻ അധ്യക്ഷത വഹിച്ചു.കെ.അമ്പാടി, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, എസ്.ജഗദീശൻ, എസ്.സി. റഹ്മത്ത്, പ്രകാശൻ കരിവെള്ളൂർ, കെ.വി. സൈജു, ശോഭന കൊഴുമ്മൽ പ്രസംഗിച്ചു. എൽ.എസ്.എസ് വിജയി പി. കൃഷ്ണജയെ അനുമോദിച്ചു. ലിസി ജേക്കബ്, പി. ബിന്ദു, കെ.വനജ, സിനി എബ്രഹാം, ടി.വി സവിത, കെ.ശ്രീജ, ടി.വി.ഷീബ, ടി.വി.രസ്ന എന്നിവർ തൈയ്ക്കോൺഡോ വിജയികൾക്ക്  സമ്മാനങ്ങള്‍നൽകി