Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, ഏപ്രിൽ 10, ഞായറാഴ്‌ച

തണൽ ഇംഗ്ലിഷ് പരിശീലന പരിപാടി

"തണൽ" ഇംഗ്ലിഷ് പരിശീലന പരിപാടി പ്രീത് നമ്പ്യാർ ഉദ്ഘാടനം ചെയ്തു.



അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ച അരയി ഗവ. യു.പി.സ്കൂളിൽ കേരള കരിയർ ഡെവലപ്മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന തണൽ ഇംഗ്ലീഷ് പരിശീലന പരിപാടി ഇംഗ്ലിഷ് സാഹിത്യത്തിൽ കാൽപനിക  യോഗാത്മക രചനകളിലൂടെ ശ്രദ്ധേയനായ യുവ എഴുത്തുകാരൻ പ്രീത് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കാംബ്രിഡ്ജ് സർവ കലാശാലയുടെ മാലിദ്വീപ് കാമ്പസിൽ ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റ് തലവനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം ദില്ലിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പോയ ട്രി സൊസൈറ്റി ഓഫ് ഇന്ത്യ, ഗ്ലോബൽ ഫ്രറൈർനറ്റി ഓഫ് പോയറ്റ്സ്, എർത്ത് വിഷൻ പബ്ലിക്കേഷൻ എന്നീ പ്രസിദ്ധീകരണങ്ങളുടെയും പനോരമ ലിറ്റേറിയ എന്ന അന്താരാഷ്ട്ര ഗവേഷണപ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരാണ്. ആദ്യത്തെ കവിതാ സമാഹാരമായ വോയേജ് ഓഫ് എറ്റേർണറ്റിക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ അന്താരാഷ്ട്ര കവിതാ പുരസ്കാര മടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.കാഞ്ഞങ്ങാട് അജാനൂർ സ്വദേശിയാണ്
  വെള്ളി രാവിലെ 9.30 മണിക്ക് അരയി  സ്കൂളിൽ ആയിരുന്നു  പരിപാടി.

2016, ഏപ്രിൽ 2, ശനിയാഴ്‌ച

നാടിന്റെ ഐശ്വര്യം കാക്കാന്‍ തിരുവാതിര

നാടിന്റെ ഐശ്വര്യം കാക്കാന്‍
തിരുവാതിര 
 "മണ്ണിനെയും മനുഷ്യനെയും എന്നുമെന്നും പോഷിപ്പിക്കും
 മണ്ണിന്‍റെ പോഷണം കൂട്ടും പയറു വർഗം കൃഷി ചെയ്യാം,
ആരോഗ്യത്തെ സംരക്ഷിക്കും അന്നജം പ്രദാനം ചെയ്യും -
 പയറു വിള സംരക്ഷിക്കാൻ അന്താരാഷ്ട്ര പയറു വർഷം.
ഭക്ഷ്യ സുരക്ഷ നല്‍കീടും സുസ്ഥിര വികസനത്തിന്‍
 ​​​ഐക്യരാഷ്ട്ര പ്രഖ്യാപനം അന്താരാഷ്ട്ര പയറു വര്‍ഷം......
അലക്കിത്തേച്ച ഇണമുണ്ടുടുത്ത് നെറ്റിയിൽ ചന്ദനക്കുറി തൊട്ട്, ദശപുഷ്പം ചൂടി വാലിട്ട് കണ്ണെഴുതിയ അരയിയിലെ മങ്കമാർ കൈകൊട്ടി പാടിയത് ഹൃദ്യവും രമണീയവുമായ അനുഭവമായി.അന്താരാഷ്ട്ര പയറു വർഷത്തിൽ ഭക്തി നിർഭരവും വർണാഭവുമായ തിരുവാതിരയെ നാടിന്‍റെ ഐശ്വര്യത്തിനു വേണ്ടി സമർപ്പിക്കുകയായിരുന്നു ഇവർ. നടുവിൽ നിലവിളക്ക് കത്തിച്ച് പറയിൽ മുതിരയും ചെറുപയറും സോയാബീനും ഉൾപ്പെടെയുള്ള പന്ത്രണ്ടോളം പയർ വിത്തുകൾ നിറച്ചാണ് വനിതകൾ നൃത്തം ചവിട്ടിയത്.
കേരളത്തിലെ പ്രകൃതിയുടെയും കാലാവസ്ഥയുടെയും സമ്മാനമായ തിരുവാതിരയെ സംസ്ഥാനത്തു തന്നെ ഇതാദ്യമായി അരങ്ങിലെത്തിക്കുകയായിരുന്നു അരയി ഗവ.യു.പി.സ്കൂൾ. സ്കൂൾ വാർഷികോത്സവത്തിന്‍റെ വേദിയിലാണ് അധ്യാപികമാരും അമ്മമാരും പൂർവ വിദ്യാർഥികളുമടങ്ങുന്ന വനിതകൾ ഭർത്താക്കന്മാരുടെ ദീർഘായുസ്സ് നേരുന്നതിനു പകരം നാടിന്‍റെ സർവ്വൈശ്വര്യത്തിനു വേണ്ടി തിരുവാതിര കളിച്ചത്. അർധരാത്രിയിൽ ആയിരങ്ങളെ സാക്ഷിനിർത്തി അരങ്ങേറിയ ലാസ്യഭാവ സമന്വയം കുട്ടികളും മുത്തശ്ശിമാരും അടങ്ങുന്ന സദസ്സിന് മറക്കാനാവാത്ത അനുഭവമായി.
പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, ലത അരയി, ശോഭന കൊഴുമ്മൽ, നമിത നാരായണൻ, കെ.പി.പ്രമോദ്, കെ.വി.സൈജു എന്നിവരാണ് അണിയറയിൽ.

വാർഷികോത്സവം നഗരസഭാ വൈസ് ചെയർപേഴ്സൺ എൻ.സുലൈഖ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിച്ച വി.വിജയകുമാരി ടീച്ചർക്ക് വൈസ് ചെയർ പേഴ്സൺ ഉപഹാരം നൽകി. ഡോ. പി.കെ.ജയരാജ്‌ മുഖ്യ ഭാഷണം നടത്തി. ടി.എം.സദാനന്ദൻ, എ.സതീഷ് കുമാർ,സി.കെ.വത്സലൻ,വി.ജഗദീശൻ, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, കെ.അമ്പാടി, പി.പി.രാജു, കെ.കെ.വത്സലൻ, ശോഭന കൊഴുമ്മൽ ടി.ഖാലിദ്, എസ്.സി.റഹ്മത്ത്, ടി.ശോഭ, കെ.വി.സൈജു.സ്കൂൾ ലീഡർ വി.അഭിൻ വി.വിജയകുമാരി പ്രസംഗിച്ചു.