Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2017, ജൂൺ 17, ശനിയാഴ്‌ച

ചങ്ങമ്പുഴ കാവ്യോത്സവം

ചങ്ങമ്പുഴ കാവ്യോത്സവം
മലയാളികളുടെ ഹൃദയ തീരങ്ങളെ കുളിരണിയിച്ച് ഒഴുകിയ മഹാനദിയാണ് മഹാ കവി ചങ്ങമ്പുഴയെന്ന് യുവകവി സി.എം.വിനയചന്ദ്രൻ പറഞ്ഞു. കവിയുടെ എഴുപതാം ചരമദിനത്തിന്റെ ഭാഗമായി അരയി ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ച കാവ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുന്നുകളും കാടുകളും പുഴകളും നിറഞ്ഞ മനോഹരമായ ഗ്രാമഭംഗിയെ തന്റെ കാവ്യ വീണയിലൂടെ വായനക്കാർക്ക് മറക്കാനാവാത്ത അനുഭവമാക്കി മാറ്റിയ കവി വര്യനാണ് ചങ്ങമ്പുഴ കൃഷ്ണപ്പിള്ള.അദ്ദേഹത്തിന്റെ പേരും പെരുമയും മലയാളികളുള്ളിടത്തോളം നിലനില്ക്കും. വിനയചന്ദ്രൻ അഭിപ്രായപ്പെട്ടു.
പി ടി എ പ്രസിഡന്റ് പി.രാജൻ അധ്യക്ഷത വഹിച്ചു. അമേയ കവിത ചൊല്ലി.പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പ്രകാശൻ കരിവെള്ളൂർ, ശോഭന കൊഴുമ്മൽ, അഫ്സൽ എന്നിവർ പ്രസംഗി ച്ചു. രമണൻ മഹാകാവ്യത്തിന്റ പിറന്നാൾ പ്രമാണിച്ച് വിപുലമായ പരിപാടികൾ വിദ്യാരംഗം കലാ സാഹിത്യ വേദി ആസൂത്രണം ചെയ്തിട്ടുണ്ട്.

ലോക ബാലവേല വിരുദ്ധ ദിനാചരണം

പാലൈസ് പാവനാടകം
 പ്രശസ്ത കവി മോഹനകൃഷ്ണൻ കാലടിയുടെ പാലൈസ് എന്ന കവിതയെ  ആസ്പദമാക്കി അരയി ഗവ.യു.പി.സ്കൂൾ സീഡ് കൂട്ടുകാർ പാവനാടകം അവതരിപ്പിച്ചു. ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ഇതേ വിഷയം പ്രമേയമായ കവിതയെ പാവനാടകമാക്കി അവതരിപ്പിച്ചത്.
ഹോട്ടൽ മുതലാളിയുടെ പീഡനം കൊണ്ട് പൊറുതി മുട്ടിയ കുട്ടി സ്ലേറ്റിനെയും പെൻസിലിനെയും കണ്ടുമുട്ടുന്നതും അവർ തമ്മിലുള്ള കൊച്ചുവർത്തമാനവുമാണ് കവിതയിലെ ഇതിവൃത്തം.ബാലപീഡനത്തിന്റെ പേരിൽ മുതലാളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെയാണ് നാടകം അവസാനിക്കുന്നത്. സ്കൂൾ അധ്യാപകനും നാടക രചയിതാവുമായ പ്രകാശൻ കരിവെള്ളൂരും ശരത്ത് അരയിയുമാണ്  പാവനാടകത്തിന്റെ അണിയറയിൽ.വിദ്യാർഥികളായ കെ. ആദിത്യൻ, പി.കെ. ആദിത്യൻ, കെ.ഗോപിക, കെ. ദേവിക എന്നിവർ ശബ്ദം നൽകി.പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു.

2017, ജൂൺ 5, തിങ്കളാഴ്‌ച

പരിസ്ഥിതി ദിനാചരണം

പാരമ്പര്യ വൈദ്യന്മാർ ഒത്തുകൂടി : അരയി സ്കൂളിൽ നീർമാതളം ജൈവോദ്യാനത്തിന്
തുടക്കമായി .
നവതി കഴിഞ്ഞ ആറങ്ങാടി വൈദ്യരെന്ന അരയി നാരായണൻ വൈദ്യരും
പത്നി ശാരദാമ്മയും തളിപ്പറമ്പിലെ പ്രശസ്തമായ മൈക്കീൽ വൈദ്യ കുടുംബത്തിലെ ചരകൻ
രവീന്ദ്രൻ വൈദ്യരും കുട്ടികളുമായി നടത്തിയ സംവാദം കൊണ്ട് അരയി ഗവ.യു.
പി.സ്കൂളിലെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തമായ അനുഭവമായി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നിർമിക്കുന്ന
നീർമാതളം ജൈവോദ്യാനത്തിന് തുടക്കം കുറിക്കാൻ എത്തിയതായിരുന്നു നാടിന്റെ
പ്രിയപ്പെട്ട ദിഷഗ്വരന്മാർ.
സ്കൂൾ മുറ്റത്ത് നിർമിക്കുന്ന ഉദ്യാനത്തിൽ നിർമാതാളത്തിനു പുറമെ അപൂർവങ്ങളായ
നൂറോളം ഔഷധ സസ്യങ്ങൾ ഇന്ന് നട്ടു. വൈദ്യന്മാരും കുട്ടികളും നാട്ടിൽ നിന്നു
തന്നെശേഖരിച്ചവയായിരുന്നു ഇവയെല്ലാം.
പി ടി എ പ്രസിഡന്റ് പി.രാജൻ ,പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പി ഭാസ്കരൻ
അരയി, പ്രകാശൻ കരിവെള്ളൂ ർ, ലിസി ജേക്കബ്, എസ്..ജഗദീശൻ, സിനി എബ്രഹാം,
എസ്.സി.റഹ്മത്ത് എന്നിവർ പ്രസംഗിച്ചു.സ്കൂൾ ലീഡർ കെ. ആദിത്യൻ പരിസ്ഥിതി
പ്രതിജ്ഞ ചൊല്ലി.

പ്രവേശനോത്സവത്തിൽ മുത്തശ്ശി

പ്രവേശനോത്സവത്തിൽ മുത്തശ്ശി: പെരുത്ത് ഇഷ്ടായി കുരുന്നുകൾക്ക്
പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി 'മുത്തശ്ശി '. കഥകളും പാട്ടുകളും പഴഞ്ചൊല്ലുകളും കടം കഥകളും പറഞ്ഞ് പേരക്കുട്ടികളെ ഭാഷയുടെ മഹാകാശത്തേക്ക് പറത്താൻ കരുത്തു പകരുന്ന മുത്തശ്ശിമാർ  അന്യമായ പുതിയ കാലത്ത് തൊണ്ണൂറ് തികഞ്ഞ മുത്തശ്ശി വാ വെളുക്കെ ചിരിച്ചപ്പോൾ പേരക്കുട്ടികൾക്ക് പെരുത്ത സന്തോഷം. ആദ്യ ദിനത്തിന്റെ ആശങ്കകൾക്ക് പകരം ആഹ്ലാദത്തിന്റെ പൂത്തിരി കത്തിച്ച് അരയി ഗവ.യു.പി.സ്കൂളിലെ പ്രവേശനോത്സവം നവ്യാനുഭവമായി. വിവിധ ക്ലാസുകളിൽ പുതുതായി എത്തിയ എഴുപതോളം കുട്ടികൾക്ക്‌   മുത്തശ്ശിയുടെ ശില്പം  കൗതുകം പരത്തി. ഒരാൾ പൊക്കത്തിലുള്ള കാർഡ് ബോർഡിൽ നിർമ്മിച്ച ശില്പം ഘോഷയാത്രയിൽ കുട്ടികളോടൊപ്പം മുൻ നിരയിൽ തന്നെ നിന്നു.
നഗരസഭ കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.രാജൻ അധ്യക്ഷത വഹിച്ചു.കെ.അമ്പാടി, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, എസ്.ജഗദീശൻ, എസ്.സി. റഹ്മത്ത്, പ്രകാശൻ കരിവെള്ളൂർ, കെ.വി. സൈജു, ശോഭന കൊഴുമ്മൽ പ്രസംഗിച്ചു. എൽ.എസ്.എസ് വിജയി പി. കൃഷ്ണജയെ അനുമോദിച്ചു. ലിസി ജേക്കബ്, പി. ബിന്ദു, കെ.വനജ, സിനി എബ്രഹാം, ടി.വി സവിത, കെ.ശ്രീജ, ടി.വി.ഷീബ, ടി.വി.രസ്ന എന്നിവർ തൈയ്ക്കോൺഡോ വിജയികൾക്ക്  സമ്മാനങ്ങള്‍നൽകി

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് വിഷുക്കോടി

 അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് വിഷുക്കോടി

അഗതി മന്ദിരത്തിലെ അന്തേവാസികളെ ഊട്ടാൻ വിഷമില്ലാത്ത പച്ചക്കറികൾ കൊടുത്ത് മാതൃക കാട്ടിയ അരയി ഗവ.യു.പി.സ്കൂൾ ഹരിതസേന  മടിക്കൈ മലപ്പച്ചേരിയിലെ  വൃദ്ധസദനത്തിൽ വീണ്ടുമെത്തി. വാർഷികാഘോഷ ചടങ്ങിൽ വെച്ച് രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച പതിമൂവായിരം രൂപയും നൂറു സെറ്റ് പുതുവസ്ത്രവും കൈമാറാനാണ് ഒരാഴ്ചയ്ക്കുള്ളിൽ കുട്ടികൾ എത്തിയത്. ഹരിതസേനാംഗങ്ങളായ കെ.നീലിമ, കെ.ആദിത്യ, കെ.അതുല്യ, ടി.ഫയാസ്, കെ.ആദിത്യൻ, കെ.ടി.അഭിനവ്, പി. അഭിരാം, പി.കെ. ആദിത്യൻ, കെ.ടി.അഭിരാം എന്നിവരാണ് പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പി ടി എ ഭാരവാഹികളായ ടി.ഖാലിദ്, പി.ഭാസ്ക്കരൻ, കെ.മദനൻ എന്നിവരോടൊപ്പം വൃദ്ധമന്ദിരത്തിലെത്തിയത്.
വിതരണ ചടങ്ങ് പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു.എം.എം.ചാക്കോ അധ്യക്ഷത വഹിച്ചു.

2017, ഏപ്രിൽ 1, ശനിയാഴ്‌ച

കാരുണ്യത്തിന്റെ കണിവെള്ളരിയുമായി കുരുന്നുകൾ എത്തി

കാരുണ്യത്തിന്റെ കണിവെള്ളരിയുമായി കുരുന്നുകൾ എത്തി
  ഹരിതസേനയുടെ ജൈവ പച്ചക്കറിത്തോട്ടത്തിലെ വിഷം തീണ്ടാത്ത
പച്ചക്കറിയുമായി അരയി ഗവ.യു.പി. സ്കൂൾ വിദ്യാർഥികളായ നീലിമ,അമ്പിളി,
അനുശ്രീ, ശ്രീഹരി, ഫയാസ് എന്നിവർ മടിക്കൈ മലപ്പച്ചേരിയിലെ
വൃദ്ധസദനത്തിലെത്തി. മധ്യവേനലവധിക്ക് സ്കൂൾ അടച്ച് കൂട്ടുകാരോടൊത്ത്
കളിച്ച് രസിക്കേണ്ട പേരക്കുട്ടികൾ അധ്യാപകരോടും പി.ടി.എ കമ്മറ്റി
അംഗങ്ങളോടുമൊപ്പം കാരുണ്യത്തിന്റെ കണിവെള്ളരിക്കയുമായി തങ്ങളെ
കാണാനെത്തിയപ്പോൾ ഏകാന്തതയും അനാഥത്വവും മാറാല കെട്ടിയ അന്തേവാസികളുടെ
കണ്ണുകളിൽ പ്രതീക്ഷയുടെ തിരയിളക്കം.കുട്ടികളെ അവർ
മടിയിലിരുത്തി.
കൈ കൊട്ടി
പാടി.പച്ചക്കറി പാടത്ത് നിന്ന് പറിച്ചെടുത്ത ചീര, വഴുതിന,
ചെരങ്ങ,കുമ്പളങ്ങ,പച്ചമുളക്, വാളൻപയർ എന്നിവയോടൊപ്പം ഒരാഴ്ചത്തേക്കുള്ള
അരിയും കുട്ടികൾ വൃദ്ധസദനത്തിലെത്തിച്ചു. ഭക്ഷ്യ വിഭവങ്ങളോടൊപ്പം
കൊണ്ടുവന്ന കണിച്ചട്ടി കണ്ടപ്പോൾ മുത്തശ്ശിമാരുടെ മുഖത്ത് പണ്ടത്തെ
ഓർമ്മകൾ മിന്നി മറഞ്ഞു. പോളിയോ ബാധിച്ച് രണ്ടു കാലുകളും തളർന്ന
എം.എം.ചാക്കോച്ചൻ മാനേജരായ ന്യൂ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന
വൃദ്ധ വികലാംഗ മന്ദിരത്തിൽ നൂറ്റി ഇരുപത്തിയഞ്ചോളം അന്തേവാസികളുണ്ട്.
മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള പച്ചക്കറികൾ
അന്തേവാസികൾക്ക് കൈമാറി. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, മദർ പി.ടി.എ
പ്രസിഡന്റ് എസ്.സി.റഹ്മത്ത്, അധ്യാപിക  ലിസി ജേക്കബ്, പി.ഭാസ്ക്കൻ
കെ.മദനൻ, എം.എം.ചാക്കോ പ്രസംഗിച്ചു.

2017, മാർച്ച് 31, വെള്ളിയാഴ്‌ച

അധ്യയനവർഷം അവസാനിച്ചു.ആയിരം മണിക്കൂർ തികയ്ക്കാതെ

അധ്യയനവർഷം അവസാനിച്ചു.ആയിരം മണിക്കൂർ തികയ്ക്കാതെ
എല്ലാവർക്കും 1200 മണിക്കൂർ നൽകി അരയി സ്കൂൾ

എല്ലാവർക്കും ആയിരം മണിക്കൂർ ലക്ഷ്യമിട്ട് ആരംഭിച്ച അധ്യയന വർഷം അവസാനിച്ചു.ഹർത്താലും പണിമുടക്കും പ്രാദേശിക അവധികളും കാരണം വിദ്യാഭ്യാസ കലണ്ടറിലെ ഇരുന്നൂറ് പ്രവൃത്തി ദിവസങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ തൊള്ളായിരം സാധ്യായ  മണിക്കൂറുകൾ മാത്രമാണ് ഭൂരിഭാഗം വിദ്യാർഥികൾക്കും ലഭിച്ചത്. ഹൈസ്കൂളുകളോട് ചേർന്ന പ്രൈമറി വിദ്യാർഥികൾക്ക് ലഭിച്ച മണിക്കൂറുകൾ ഇതിലും താഴെ മാത്രമാണ്.
ആയിരത്തിനു പകരം ആയിരത്തി ഇരുന്നൂറ് മണിക്കൂർ ജോലി ചെയ്ത് കലാമിന്റെ വാക്കുകൾ   യാഥാർഥ്യ മാക്കിയിരിക്കയാണ്  കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂൾ അധ്യാപകർ. വർഷം മുഴുവനും രാവിലെ ഒൻപത് മണിക്ക് തന്നെ ക്ലാസ്  മുറിയുടെ  വാതിലുകൾ വിദ്യാർഥികൾക്ക്  തുറന്നു കൊടുത്തു. ഇതിനു പുറമെ പത്ത് അവധി ദിവസങ്ങൾ അധികമായി പ്രവർത്തിച്ചു.  കുട്ടികൾ അധികമായി  ലഭിച്ച പഠനസമയം ഉത്സവമാക്കിമാറ്റി.കളിയിലൂടെ,
പരീക്ഷണങ്ങളിലൂടെ, നിർമ്മാണപ്രവർത്തനങ്ങളിലൂടെ  അവർ അറിവിന്റെ നവ ലോകം കണ്ടു. കുട്ടികളുടെ റേഡിയോ  അരയി വാണിയിലൂടെ കലയുടെയും സാഹിത്യത്തിന്റെയും കലവറകൾ തുറന്നു
കഴിഞ്ഞ മാസം  24ന് ശനിയാഴ്ച കേരളത്തിലുടനീളം നടന്ന അധ്യാപക സംഗമത്തിൽ അരയി മാതൃകയുടെ  വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. പ്രൈമറി തൊട്ട് ഹയർ സെക്കണ്ടറി വരെയുള്ള ലക്ഷക്കണക്കിന് അധ്യാപകരിലേക്ക് അരയിയിലെ അധ്യാപകരുടെ ഒരുമ എത്തിയത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഈ വിജയഗാഥയുടെ തന്ത്രങ്ങൾ അന്വേഷിച്ച് വിളികളും മെയിലുകളും പ്രവഹിക്കുകയാണ്.
..............................
.... ......................
വയറ് നിറച്ച് ഉച്ചയൂണ്; മനസ്സ് നിറച്ച് ഇംഗ്ലിഷ് ഫെസ്റ്റ്
അരയിയിലെ ഉച്ചയൂണ് പോലെ പ്രസിദ്ധമാണ് ഇംഗ്ലിഷ് ഫെസ്റ്റ് .സംസ്ഥാന തലത്തിൽ ഹലോ ഇംഗ്ലീഷ് പദ്ധതി ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇംഗ്ലിഷ് മികവ് വർധിപ്പിക്കാൻ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ് വരെ ആരംഭിച്ച ഇംഗ്ലിഷ് ഫെസ്റ്റ് വൻ വിജയമായി .ഒന്നാം തരത്തിലെ കുട്ടികൾ ഇംഗ്ലിഷിൽ സംഭാഷണം നടത്തും.കഥ പറയും. പാട്ടു പാടും.മലയാളത്തിൽ നിന്ന് കുട്ടിക്കവിതകൾ വിവർത്തനം ചെയ്യും. അരയി വാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ഇംഗ്ലിഷ് ട്രാക്ക് തന്നെ വിഭവ സമൃദ്ധമാണ്.ഇംഗ്ലിഷ് മീഡിയത്തിൽ  നിന്ന്  കുട്ടികളെ  അരയിയിലേക്ക് മാറ്റി ചേർക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ച ഘടകവും ഈ ഇംഗ്ലിഷ് സദ്യ തന്നെ.
തനി നാടൻ കറികളാണ് ഓരോ ദിവസവും വിളമ്പുന്നത്. വിദ്യാലയത്തിന് സ്വന്തമായി ജൈവ പച്ചക്കറിത്തോട്ടം തന്നെയുണ്ട്. കണ്ടംകുട്ടി ചാലിലെ മാധവിയമ്മയുടെ വയൽ പാട്ടത്തിനെടുത്താണ് കൃഷി.പി ടി എ കമ്മറ്റിയംഗം പി.ഭാസ്ക്കരനാണ് മുഖ്യ ചുമതല സ്കൂൾ ഹരിതസേനയും മദർ പി ടി എ യും അധ്യാപകരും നേതൃത്വം നൽകുന്നു. സാമ്പാർ,അവിയൽ, കൂട്ടുകറി,പുളിശ്ശേരി, വറവ്,പച്ചടി, അച്ചാർ നാലിൽ കുറഞ്ഞ ദിവസമേ ഇല്ല. ആഴ്ചയിൽ ഒരു ദിവസം പായസവുമുണ്ട്. വാഴകൃഷിയുടെ സീസണായാൽ ഒരു കുല കുട്ടികൾക്ക് സംഭാവന ചെയ്യുന്ന ധാരാളം നേന്ത്രവാഴ കർഷകർ ഉണ്ട്.കൂമ്പു തോരനും വാഴപ്പിണ്ടി പെരക്കും കുട്ടികൾക്ക് പ്രിയപ്പെട്ട വിഭവമാണ്. ചക്കക്കാലമായാൽ ചക്കയാണ് താരം പാവയ്ക്കകൊണ്ടാട്ടവും ഉപ്പിലിട്ട മാങ്ങയും വിവിധ തരം ഇലക്കറികളുമാണ് ജൂൺ, ജൂലായ് മാസങ്ങളിലെ സ്പെഷൽ .രക്ഷിതാക്കൾ സംഭാവനയായി നൽകുന്ന നെല്ലിക്ക, മാങ്ങ എന്നിവ കൊണ്ടാണ് അച്ചാർ തയ്യാറാക്കുന്നത്‌. അടുത്ത അധ്യയന വർഷത്തേക്ക് പത്ത് കിലോ നാടൻ നെല്ലിക്ക തേനിൽ സംസ്കരിച്ചു വെച്ചിരിക്കയാണ്.ഉച്ചയൂണിന്റെ കറികൾ തയ്യാറാക്കാൻ അഞ്ചും ആറും അമ്മമാർ ഊഴമിട്ട് എത്തുന്നതു കൊണ്ടു മാത്രമാണ് കുട്ടികൾക്ക് മുടങ്ങാതെ സദ്യ നൽകാൻ കഴിയുന്നതെന്ന് പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ പറഞ്ഞു. പിറന്നാളും ഗൃഹപ്രവേശനവും വിവാഹവും നടക്കുമ്പോൾ അരയി സ്കൂൾ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത് നാട്ടുകാരുടെ ശീലമായി മാറി.
രുചിയേറിയ സദ്യ പതിവായതോടെ ഒരന്നം പോലും പാഴാക്കാതെ പാത്രം കണ്ണാടിയാക്കുന്ന എന്റെ പാത്രം നിനക്കു കണ്ണാടി പദ്ധതിയും ആരംഭിച്ചു. ഊണിനു ശേഷം പാത്രം കഴുകുന്നതിനു മുൻപ് ചോറ്റ് പാത്രത്തിൽ  കൂട്ടുകാരന്റെ മുഖം കാണിക്കുന്ന പദ്ധതിയാണിത്. ആഹാരവും വെള്ളവും കരുതലോടെ ഉപയോഗിക്കണമെന്ന ശീലം കുട്ടിയിൽ ഉറപ്പിക്കാൻ ഇതിലും നല്ല വഴി വേറെയില്ല. പി.ടി.എ പ്രസിഡന്റ് പി.രാജൻ പറഞ്ഞു.
എന്റെ പാത്രം നിനക്കു കണ്ണാടി : ഒന്നാംതരത്തിലെ ശിവദയുടെ മുഖം ശിവന്യയുടെ പാത്രത്തിൽ തെളിഞ്ഞപ്പോൾ

അരയിക്ക് ഇരട്ട നേട്ടം

കാസർഗോഡ് ജില്ലയിലെ  പത്ത് മികവുകൾ ദേശീയ തലത്തിൽ വ്യാപിപ്പിക്കും.
അരയിക്ക് ഇരട്ട നേട്ടം
കാസർഗോഡ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പത്ത് മികവുകൾ ദേശീയ തലത്തിൽ വ്യാപിപ്പിക്കും. പൊതുവിദ്യാഭ്യാസ വകുപ്പും സർവശിക്ഷാ അഭിയാനും  സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സെമിനാറിൽ  ജില്ലയിലെ ഒൻപത് വിദ്യാലയങ്ങൾ അവതരിപ്പിച്ച മാതൃകകൾ കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയരക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ പറഞ്ഞു. അരയി ഗവ.യു.പി.സ്കൂളിൽ നിന്നു മാത്രമാണ് രണ്ടു മികവുകൾക്ക് ദേശീയ തല അംഗീകാരം ലഭിച്ചത്.
സംസ്ഥാനത്തെ നൂറു വിദ്യാലയങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത മികച്ച മാതൃകകൾ എൻ.സി.ഇ.ആർ.ടി.ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി വിദ്യാഭ്യാസ വിദഗ്ദ്ധർ പങ്കെടുക്കുന്ന ശില്പശാലകളിൽ അവതരിപ്പിച്ച ശേഷമാണ് രാജ്യത്തെ മറ്റു വിദ്യാലയങ്ങളിൽ  നടപ്പിലാക്കുക.അരയി ഗവ.യു.പി.സ്കൂൾ, ഗവ.യു.പി.സ്കൂൾ കരിച്ചേരി, ഗവ.എൽ.പി.സ്കൂൾ കയ്യൂർ, ഗവ.എൽ.പി.സ്കൂൾ മാടക്കാൽ, ഗവ. വെൽഫേർ എൽ പി.സ്കൂൾ ബാര, ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ, മൊഗ്രാൽ പുത്തൂർ, ഗവ. എച്ച് എസ്.എസ് പൈവളിഗെ നഗർ ,ഇസത്തുൽ ഇസ്ലാമിയ എ.എൽ.പി സ്കൂൾ ചന്തേര, എ.യു.പി.സ്കൂൾ പൊതാവൂർ എന്നീ ഒൻപതു വിദ്യാലയങ്ങളിലെ മികവുകളാണ് ദേശീയ തല സെമിനാറിൽ അവതരിപ്പിച്ച് അംഗീകാരം നേടിയത്.
ന്യൂഡൽഹി  ന്യൂപ്പ സർവകലാശാല വി.സി.പ്രൊഫ.ജന്ധ്യാല ബി.ജെ. തിലക്, എൻ.സി.ഇ.ആർ.ടി.യിലെ പ്രൊഫ. അനിത നൂന, ഡോ.മൈഥിലി, ചെന്നൈ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിലെ ഡോ.ആർ.രാമാനുജൻ, ഡോ.ബി.ഇക്ബാൽ ,ഡോ. ടി പി കലാധരൻ, ഡോ. പി.കെ.ജയരാജ്,   ഡോ.രാജൻ ഗുരുക്കൾ, ഡോ.മൈക്കിൾ തരകൻ, തുടങ്ങിയ പ്രഗത്ഭരാണ് സെമിനാറിൽ ക്ലാസുകൾ നയിച്ചത്.


2017, മാർച്ച് 12, ഞായറാഴ്‌ച

വിസ്മയവരമ്പത്തൂടെ കുരുന്നുകൾ

കുള്ളൻ വിനയനെയും റഹിം രാജകുമാരനെയും  കൂട്ടി നാടകകൃത്ത് അരയിയിലെത്തി
 വിസ്മയ വരമ്പിലൂടങ്ങനെ, ആൾരൂപങ്ങൾ, അലമാരയിലെ സ്വപ്നങ്ങൾ എന്നീ നാടകങ്ങളിലൂടെ കുട്ടികൾക്ക് പ്രിയങ്കരനായ നാടകകൃത്ത്
ഹരിദാസ് കരിവെള്ളൂരിന് അരയി ഗവ.യു.പി.സ്കൂളിൽ ഹൃദ്യമായ വരവേല്പ്.എസ്.എസ്.എ യുടെ സഹകരണത്തോടെ സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന നാടക സഹവാസം  തീയേറ്റർ 2017 ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം  സ്കൂളിലെത്തിയത്.

ഉദ്ഘാടന  പ്രസംഗത്തിനു ശേഷം ക്യാമ്പംഗങ്ങളുമായി നടത്തിയ സംവാദത്തിലാണ്  തിരക്കഥാകൃത്ത് കൂടിയായ  ഹരിദാസ് കരിവെള്ളൂർ വിദ്യാർഥികളുടെ മുന്നിൽ  മനസ്സു തുറന്നത്.നാടകങ്ങളുടെയും  ടി.വി. സീരിയലുകളുടെയും  രചനാനുഭവങ്ങൾ  പങ്കുവെച്ചത് കുട്ടികളോടൊപ്പം  മുതിർന്നവർക്കും കൗതുകമായി.
സ്കൂളിലെ തന്നെക്കാൾ തടിമിടുക്കുള്ള കുട്ടികളെ താൻ നായകനായി താൻ തന്നെ   രചിച്ച നാടകത്തിലെ വില്ലന്മാരാക്കി അടിച്ചു വീഴ്ത്തിക്കൊണ്ടാണ്  ഹരിദാസിലെ കുട്ടി എഴുത്തുകാരൻ നാടകകൃത്തായി മാറിയത്. വായനയിൽ നിന്നും യാത്രാവേളകളിൽ നിന്നും സ്വപ്നങ്ങളിൽ നിന്നുമാണ് കഥയ് ക്കാവശ്യമായ പ്രമേയങ്ങൾ ലഭിക്കുന്നതെന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വിശദീകരിച്ചു.
കലാഭവൻ മണിയുടെ കണ്ണിനും കണ്ണാടിക്കും എന്ന സിനിമ തിരക്കഥ എഴുതിയ ഹരിദാസ് സിനിമാരംഗത്തെ അനുഭവങ്ങളും അനുസ്മരിച്ചു.രക്ഷകൻ, മേൽവിലാസം ശരിയാണ് എന്നീ സിനിമകൾക്ക് പിന്നിലെ അണിയറ രഹസ്യങ്ങൾ കുട്ടികൾക്ക് രസകരമായ അനുഭവമായി. വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരെഞ്ഞെടുത്ത നാല്പത് കുട്ടികൾ ആണ് ക്യാമ്പംഗങ്ങൾ
ഉദ്ഘാടന ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയനാവി മുഖ്യാതിഥിയായി കൗൺസിലർ സി.കെ. വത്സലൻ അധ്യക്ഷത വഹിച്ചു..പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ,പി.രാജഗോപാലൻ, കെ.അമ്പാടി, പി.രാജൻ, സി.പവിത്രൻ, പി.പി.രാജു, ശോഭന കൊഴുമ്മൽ, സ്കൂൾ ലീഡർ, പി.മിഥുൻരാജ് പ്രസംഗിച്ചു.പ്രകാശൻ കരിവെള്ളൂരാണ് ക്യാമ്പ് ഡയരക്ടർ.

2017, മാർച്ച് 10, വെള്ളിയാഴ്‌ച

ഇംഗ്ലീഷിൽ മികവ് തെളിയിച്ച് ബാലോത്സവം

ഇംഗ്ലീഷിൽ മികവ് തെളിയിച്ച് ബാലോത്സവം
രക്ഷിതാക്കളുടെ കൈയടി നേടി അരയി ഗവ.യു.പി.സ്കൂൾ 

പൊതു വിദ്യാലയങ്ങളിലെ കുട്ടികളും   ഇംഗ്ലീഷ്  നന്നായി സംസാരിക്കും. ഇംഗ്ലീഷ് ഭാഷയിൽ കഥകളും കവിതകളും അവതരിപ്പിക്കും.പ്രീ - പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള ഇരുന്നൂറിലധികം കുട്ടികൾ അവതരിപ്പിച്ച   ഇംഗ്ലീഷ്  സ്കിറ്റുകളും നാടകങ്ങളും മികച്ച നിലവാരം പുലർത്തി, രക്ഷിതാക്കളുടെ കൈയടി നേടി.പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അരയി ഗവ.യു.പി.സ്കൂളിൽ നടന്ന ബാലോത്സവമാണ് മികവിന്റെ നേർകാഴ്ച യൊരുക്കി നാടിന്  ഉത്സവമായത്. ക്ലാസ് മുറിയിൽ പഠിച്ച വിഷയങ്ങൾ പ്രമേയമാക്കി അവർ അവതരിപ്പിച്ച പ്രകടനങ്ങൾ കാണാൻ ധാരാളം രക്ഷിതാക്കളും എത്തിയിരുന്നു. ഓരോ  പരിപാടിക്കും അവർ തന്നെ പശ്ചാത്തലമൊരുക്കി കളി കോപ്പുകൾ  അണിഞ്ഞ്  വേദിയിലെത്തിയപ്പോൾ അവ പ്രൊഫഷണൽ ഇംഗ്ലിഷ് നാടകങ്ങളെ പോലും വെല്ലുന്നതായി.  സാമൂഹ്യ ശാസ്ത്രവും അടിസ്ഥാന ശാസ്ത്രവും ഗണിതവിജ്ഞാനം  പോലും കുട്ടികളുടെ  സർഗാത്മകതയ്ക്കു  പ്രമേയങ്ങളായി. ഓരോ ക്ലാസിലും ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഉല്പന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
പരിപാടിയിൽ കാർത്തിക, അരയിസെന്റർ, അരയി, കണ്ടംകുട്ടിചാൽ എന്നി അംഗൻവാടികളിലെ  നാല്പതോളം  കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു.
നഗരസഭാ കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. വി മധുസൂദനൻ മലയാളത്തിളക്കം വിജയ വിദ്യാലയ പ്രഖ്യാപനം നടത്തി.പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, കെ.അമ്പാടി ,അംഗൻവാടി അധ്യാപികമാരായ ഗീത, പ്രേമലത,അജിത, സീമ എന്നിവർ പ്രസംഗിച്ചു.

2017, മാർച്ച് 8, ബുധനാഴ്‌ച

Exhibition of Excellence

Exhibition of Excellence

അരയി സ്കൂളിൽ എല്ലാ കുട്ടികൾക്കും ആയിരം മണിക്കൂർ


ലാം വഴികാട്ടി :
അരയി സ്കൂളിൽ എല്ലാ കുട്ടികൾക്കും ആയിരം മണിക്കൂർ.
അധ്യയനവർഷം അവസാനിക്കാൻ ഇരുപത് പ്രവൃത്തി ദിനങ്ങൾ അവശേഷിക്കുമ്പോൾ എല്ലാ കുട്ടികൾക്കും ആയിരം മണിക്കൂർ സമ്മാനിച്ച് കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂൾ. മുൻ രാഷ്ട്രപതി എ .പി.ജെ.അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ അനുസ്മരിച്ച് കഴിഞ്ഞ അധ്യയന വർഷം ഒരാഴ്ച അധിക സമയം പ്രവർത്തിച്ച വിദ്യാലയം ഈ വർഷം ജൂൺ ഒന്ന് മുതൽ തന്നെ കലാമിന്റെ പിരിയഡ് എന്ന പേരിൽ എല്ലാ ദിവസവും  രാവിലെ 9.15 ന് തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. കുട്ടികളുടെ എണ്ണം കുറഞ്ഞ് പൂട്ടേണ്ട അവസ്ഥയിലായ ഈ വിദ്യാലയത്തിൽ  ജനകീയ ഇടപെടലുകളിലൂടെ ഇന്ന് മൂന്നിരട്ടിയോളം  കുട്ടികൾ പഠിക്കുന്നു.


അധ്യയന വർഷത്തിലെ 175 പ്രവൃത്തി ദിവസങ്ങൾ പൂർത്തിയായപ്പോൾ ആയിരത്തി നാല്  സാധ്യായ മണിക്കൂറുകൾ തികച്ചിരിക്കയാണ് ഈ സർക്കാർ വിദ്യാലയം.പ്രധാനാധ്യാപകൻ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണന്റെ നേതൃത്വത്തിൽ അധ്യാപകരായ ശോഭന കൊഴുമ്മൽ, കെ.വി സൈജു.,കെ.വനജ, ടി.വി.പ്രകാശൻ, എ.വി.ഹേമാവതി,പിബിന്ദു, സിനി എബ്രഹാം, കെ.ശ്രീജ, കെ.ഷീബ, ടി.വി.സവിത എന്നിവരോടൊപ്പം ഓഫീസ് അറ്റൻഡർ കെ.അനിത ,രക്ഷിതാക്കൾ ,വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ്മയിലൂടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തന്നെ അഭിമാനമായി ഇത്തരമൊരു  നേട്ടം കൊയ്യാൻ ഈ വിദ്യാലയത്തിനായത്.
മികവുത്സവങ്ങൾ, വാർഷികം, മൂല്യനിർണയം എന്നിവയ്ക്കു  പുറമെ എസ്.എസ്.എ യുടെ സഹവാസങ്ങൾക്കും കൂടി  ഈ മാസം സമയം കണ്ടെത്തേണ്ടി  വരുമ്പോൾ ആയിരം മണിക്കൂർ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങും.പത്താംതരം  മോഡലിനും പൊതു പരീക്ഷയ്ക്കും വേണ്ടി ഫെബ്രുവരി മാസത്തിൽ തന്നെ ക്ലാസുകൾ അവസാനിപ്പിച്ച ഹൈസ്കൂളുകളിലെ ഒന്നാം തരം തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആകെ ലഭിച്ച സാധ്യായ മണിക്കൂറുകൾ തൊള്ളായിരത്തിനടുത്തേ വരൂ.

2017, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

പച്ചക്കറി കൃഷി

പച്ചക്കറി കൃഷിയിൽ നൂറുമേനി
വിഷം തീണ്ടാത്ത ഉച്ചഭക്ഷണം

നാടൻ വിഭവങ്ങൾ കൊണ്ട് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കി സംസ്ഥാന
തലത്തിൽ തന്നെ അംഗീകാരങ്ങൾ നേടിയ അരയി ഗവ.യു.പി.സ്കൂളിന്റെ പച്ചക്കറി പാടത്ത്
ഇക്കുറിയും നൂറുമേനി വിളവ്.
കാലാവസ്ഥയിലെ വ്യതിയാനം കാരണം അല്പം വൈകിയാണ്
സ്കൂൾ ഹരിതസേന ഇത്തവണ പാടത്ത് വിത്തിട്ടത്. പി.ടി.എ എക്സിക്യൂട്ടീവ് കമ്മറ്റി
അംഗവും യുവ കർഷകനുമായ ഭാസ്ക്കരൻ അരയിയുടെ നേതൃത്വത്തിൽ ഇരുപതംഗ
ഹരിതസേനാംഗങ്ങളാണ് കണ്ടംകുട്ടി ചാലിൽ പാട്ടത്തിനെടുത്ത പത്ത് സെന്റ് പാടത്ത്
കൃഷിയിറക്കിയത്.ചെരങ്ങ, കപ്പ, പാവൽ, നരമ്പൻ, പയർ, കുമ്പളം, ചീര, വഴുതിന
എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്.
 സ്കൂൾ പ്രധാനാധ്യാപകൻ
കൊടക്കാട് നാരായണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

അതിരമോളുടെ ദാനത്തിന് തങ്കത്തിളക്കം

ആതിരമോൾക്ക് സൈക്കിൾ വണ്ടി വേണ്ട ; കൊച്ചനുജന്റെ പുഞ്ചിരി മാത്രം മതി
സൈക്കിൾ വാങ്ങാൻ സ്വരുകൂട്ടിയ തുക കൊച്ചനുജനുള്ള ചികിത്സാ നിധിയിലേക്ക് നൽകി ആതിര മോൾ മാതൃകയായി.അരയി ഗവ.യു.പി.സ്കൂളിലെ മൂന്നാം തരം വിദ്യാർഥിനി ആതിരയാണ് അതേ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥി ശിവജിത്ത് മോന്റെ ചികിത്സാ നിധിയിലേക്ക് തന്റെ ആകെയുള്ള സമ്പാദ്യം മുഴുവൻ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണനെ ഏല്പിച്ച് ജീവകാരുണ്യ പ്രവർത്തനത്തിൽ മുതിർന്നവർക്കു കൂടി പാഠമായത് .
അഞ്ചു വയസ്സുകാരനായ ശിവജിത്തിന് ജന്മനാ തല വളരുന്ന ഹൈഡ്രോസെഫാലിസ് എന്ന മാരക രോഗമാണ്. നാലോളം ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയൂ.മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശിവജിത്തിപ്പോൾ.ദരിദ്രരായ രക്ഷിതാക്കളെ സഹായിക്കാൻ സ്കൂളിന്റെ നേതൃത്വത്തിൽ ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
സ്കൂളിനടുത്ത വാടക വീട്ടിലാണ് ആതിരയും അമ്മ ദീപയും  വർഷങ്ങളായി താമസിക്കുന്നത്. അച്ഛൻ ഭൂപേഷ് അഞ്ചു വർഷങ്ങൾക്ക് മുൻപ് കൂളിയങ്കാലിലുള്ള വാഹനാപകടത്തിൽ മരിച്ചിരുന്നു.   മടിക്കൈ മേക്കാട്ട് സ്കൂളിനടുത്ത് ഒരു വീടും സ്ഥലവും വിലക്കെടുത്ത്  താമസം മാറാനുള്ള ഒരുക്കത്തിലാണ് ദീപയുടെ അച്ഛനും അമ്മയും . തനിക്ക് കിട്ടുന്ന നാണയത്തുട്ടുകളൊന്നു പോലും പാഴാക്കാതെ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്ന ശീലമുള്ള ആതിരയ്ക്ക് പുതിയ വീട്ടിലെത്തുമ്പോൾ സമ്മാനമായി സൈക്കിൾ വാങ്ങിത്തരാമെന്ന് മുത്തച്ഛൻ കെ.വി.കൃഷ്ണൻ  വാക്ക് കൊടുത്തിരുന്നു.തന്റെ സമ്പാദ്യത്തിന്റെ ബാക്കി തുക മുത്തച്ഛൻ തന്നാൽ മതിയെന്ന് ആതിരയും. എല്ലാവരെയും  ചിരിപ്പിച്ച് സന്തോഷിപ്പിക്കുന്ന ശിവജിത്തിന്റെ രോഗം ഭേദമാക്കാനുള്ള ആഗ്രഹത്തിനു മുന്നിൽ തന്റെ സൈക്കിൾ മോഹം മാറ്റിവെച്ച ആതിര മോൾ സ്കൂളിലെത്തി ഭണ്ഡാരം തന്നെ  പ്രധാനാധ്യാപകനെ ഏല്പിച്ചു.
സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപകരും നാട്ടുകാരും കൊച്ചു മിടുക്കിയെ അഭിനന്ദിച്ചു

പൊന്നുമോന് ചിരിക്കാം

പൊന്നുമോന് ചിരിക്കാം. കാരുണ്യമുള്ളവർ കൈകോർത്താൽ
കുട്ടിക്കഥകൾ   പറഞ്ഞും അക്ഷരപ്പാട്ടുകൾ പാടിയും മറ്റുള്ളവരെ
ചിരിപ്പിക്കാൻ മാത്രമല്ല പിശുക്കില്ലാതെ ചിരിക്കാനും മിടുക്കനാണ് അരയിയിലെ
ശിവജിത്ത്. ക്ലാസിലും വീട്ടിലും മാത്രമല്ല നാട്ടുകാർക്കൊക്കെ കണ്ണിലുണ്ണിയായ ഈ
കൊച്ചു മിടുക്കന് ജനിക്കുമ്പോൾ തന്നെ തല അമിതമായി  വളരുന്ന രോഗമാണ്.
ഹൈഡ്രോസെഫാലിസ് എന്ന മാരക രോഗം .വിദഗ്ദ ചികിത്സയിലൂടെ രോഗം ഭേദമാക്കാമെന്ന്
ഡോക്ടർമാർ നിർദ്ദേശിച്ച് വർഷം നാലു കഴിഞ്ഞു. കാർത്തികയിലെ കൂലിപ്പണിക്കാരനായ
ശശിക്കും ഭാര്യ പ്രീതയ്ക്കും മാത്രമല്ല ശിവജിത്തിനെ ഒരിക്കൽ കണ്ട എല്ലാവരും
പറയും.

ഈ പൊന്നുമോന്റെ ചിരി വാടാതിരിക്കണം. എല്ലാവരും കൈകോർത്താൽ കുഞ്ഞുജീവൻ
രക്ഷിക്കാം. രണ്ടു ലക്ഷത്തോളം രൂപ വരുന്ന ചികിത്സാ ചെലവ്  സമാഹരിക്കാനുള്ള
പരിശ്രമത്തിലാണ് അരയി ഗവ.യു.പി.

2017, ഫെബ്രുവരി 13, തിങ്കളാഴ്‌ച

മലയാളത്തിളക്കം

മലയാളത്തിളക്കം
മൂന്ന് നാല് ക്ലാസുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന മലയാളത്തിളക്കം  ക്ലാസുകളില്‍നിന്ന്.....

2017, ജനുവരി 27, വെള്ളിയാഴ്‌ച

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വിദ്യാഭ്യാസ മന്ത്രി പറഞ്ഞു: അരയി അക്ഷരംപ്രതി പാലിച്ചു
"സാർ, ഞങ്ങൾക്കിനി പ്ലാസ്റ്റിക് ആഭരണങ്ങൾ വേണ്ട. തലമുടി ഒതുക്കാൻ വെച്ച ഹെയർ ബോയും ക്ലിപ്പും കാതിലും കഴുത്തിലും കൈയിലും അണിഞ്ഞ വിവിധ തരം  പ്ലാസ്റ്റിക് ആഭരണങ്ങൾ ഓരോന്നായി ഊരി നൂറ്റി അമ്പതോളം പെൺ കുട്ടികൾ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണനെ ഏല്പിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു മുന്നോടിയായി സ്കൂൾ അസംബ്ലിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം കേട്ട കുട്ടികളാണ് ഒന്നടങ്കം പ്ലാസ്റ്റിക് വിമുക്ത സൗന്ദര്യം മതിയെന്ന ഉറച്ച തീരുമാനത്തിലെത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് രണ്ട് വർഷം മുമ്പെ "എന്റെ പാത്രം നിനക്കു കണ്ണാടി "പദ്ധതിയിലൂടെ ആഹാരത്തിലും ജലോപയോഗത്തിലും മിതവ്യയം ശീലിച്ച കുട്ടികളാണ് ശരീര സൗന്ദര്യത്തിന് പ്രകൃതിദത്ത വസ്തുക്കൾ മാത്രം മതിയെന്ന് പ്രതിജ്ഞ എടുത്തത്.
രാവിലെ 11 മണിക്ക് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്ത രക്ഷിതാക്കളും നാട്ടുകാരും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ ആവേശത്തോടെ മുന്നോട്ടു വന്നു. ഭക്ഷണ വിതരണത്തിനും കുടിവെള്ള വിതരണത്തിനും ആവശ്യമായ ഏഴ് സ്റ്റീൽ ജാറുകൾ, ഇരുന്നൂറ്റി അമ്പത് സ്റ്റീൽ തളികകൾ, ഗ്ലാസുകൾ എന്നിവ രണ്ടു ദിവസത്തിനകം സ്കൂളിലെത്തിക്കാനാവശ്യമായ പതിനായിരത്തിലധികം രൂപ പ്രധാനാധ്യാപകനെ ഏല്പിച്ചാണ് അവർ മടങ്ങിയത്.കുടുംബശ്രീകളുടെ സഹകരണത്തോടെ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാക്കാനുള്ള ആലോചനകളും നടന്നു.നഗരസഭാ കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി.രാജൻ അധ്യക്ഷത വഹിച്ചു.