Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2017, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

അതിരമോളുടെ ദാനത്തിന് തങ്കത്തിളക്കം

ആതിരമോൾക്ക് സൈക്കിൾ വണ്ടി വേണ്ട ; കൊച്ചനുജന്റെ പുഞ്ചിരി മാത്രം മതി
സൈക്കിൾ വാങ്ങാൻ സ്വരുകൂട്ടിയ തുക കൊച്ചനുജനുള്ള ചികിത്സാ നിധിയിലേക്ക് നൽകി ആതിര മോൾ മാതൃകയായി.അരയി ഗവ.യു.പി.സ്കൂളിലെ മൂന്നാം തരം വിദ്യാർഥിനി ആതിരയാണ് അതേ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥി ശിവജിത്ത് മോന്റെ ചികിത്സാ നിധിയിലേക്ക് തന്റെ ആകെയുള്ള സമ്പാദ്യം മുഴുവൻ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണനെ ഏല്പിച്ച് ജീവകാരുണ്യ പ്രവർത്തനത്തിൽ മുതിർന്നവർക്കു കൂടി പാഠമായത് .
അഞ്ചു വയസ്സുകാരനായ ശിവജിത്തിന് ജന്മനാ തല വളരുന്ന ഹൈഡ്രോസെഫാലിസ് എന്ന മാരക രോഗമാണ്. നാലോളം ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയൂ.മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശിവജിത്തിപ്പോൾ.ദരിദ്രരായ രക്ഷിതാക്കളെ സഹായിക്കാൻ സ്കൂളിന്റെ നേതൃത്വത്തിൽ ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
സ്കൂളിനടുത്ത വാടക വീട്ടിലാണ് ആതിരയും അമ്മ ദീപയും  വർഷങ്ങളായി താമസിക്കുന്നത്. അച്ഛൻ ഭൂപേഷ് അഞ്ചു വർഷങ്ങൾക്ക് മുൻപ് കൂളിയങ്കാലിലുള്ള വാഹനാപകടത്തിൽ മരിച്ചിരുന്നു.   മടിക്കൈ മേക്കാട്ട് സ്കൂളിനടുത്ത് ഒരു വീടും സ്ഥലവും വിലക്കെടുത്ത്  താമസം മാറാനുള്ള ഒരുക്കത്തിലാണ് ദീപയുടെ അച്ഛനും അമ്മയും . തനിക്ക് കിട്ടുന്ന നാണയത്തുട്ടുകളൊന്നു പോലും പാഴാക്കാതെ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്ന ശീലമുള്ള ആതിരയ്ക്ക് പുതിയ വീട്ടിലെത്തുമ്പോൾ സമ്മാനമായി സൈക്കിൾ വാങ്ങിത്തരാമെന്ന് മുത്തച്ഛൻ കെ.വി.കൃഷ്ണൻ  വാക്ക് കൊടുത്തിരുന്നു.തന്റെ സമ്പാദ്യത്തിന്റെ ബാക്കി തുക മുത്തച്ഛൻ തന്നാൽ മതിയെന്ന് ആതിരയും. എല്ലാവരെയും  ചിരിപ്പിച്ച് സന്തോഷിപ്പിക്കുന്ന ശിവജിത്തിന്റെ രോഗം ഭേദമാക്കാനുള്ള ആഗ്രഹത്തിനു മുന്നിൽ തന്റെ സൈക്കിൾ മോഹം മാറ്റിവെച്ച ആതിര മോൾ സ്കൂളിലെത്തി ഭണ്ഡാരം തന്നെ  പ്രധാനാധ്യാപകനെ ഏല്പിച്ചു.
സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപകരും നാട്ടുകാരും കൊച്ചു മിടുക്കിയെ അഭിനന്ദിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ