Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2016, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ധീരത കാട്ടിയ കുട്ടികൾക്ക് അരയി ഗ്രാമത്തിന്റെ അവാർഡ്.

ധീരത കാട്ടിയ കുട്ടികൾക്ക് അരയി ഗ്രാമത്തിന്റെ അവാർഡ്.
അച്ചാംതുരുത്തിയിലെ ആകാശ്, അക്ഷയ്, ജിതിൻ ബാബു എന്നീ കുട്ടികളെയാണ് അധ്യാപക ദിനത്തിൽ ആദരിച്ചത്
പാഠപുസ്തകങ്ങളിൽ നിന്ന് സ്വന്തമാക്കിയ സ്നേഹത്തിന്റെ നല്ല പാഠം ജീവിതത്തിൽ പ്രവർത്തിച്ചു കാണിച്ച കുട്ടികളെ  അരയി ഗ്രാമം  ധീരതയ്ക്കുള്ള അവാർഡ് നൽകി ആദരിച്ചു. മികച്ച അധ്യാപകർ രാഷ്ട്രപതിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്ന സമയത്തു തന്നെയാണ്  കുട്ടികൾക്കും മുതിർന്നവർക്കും മനുഷ്യത്വത്തിന്റെ ജൈവ പാഠം പകർന്ന  മൂന്നു ബാലാധ്യാപകരെ വിദ്യാലയത്തിലേക്ക് വിളിച്ചു വരുത്തി അരയി ഗവ.യു.പി. സ്കൂൾ  അനുമോദിച്ചത്.
കുളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന നാലാം ക്ലാസുകാരനായ ഹേമന്തിനെ  രക്ഷപ്പെടുത്തിയതിലൂടെയാണ് അച്ചാംതുരുത്തി രാജാസ് എ.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ ആകാശ്, ആറാം ക്ലാസുകാരൻ, അക്ഷയ്, ഏഴാം ക്ലാസുകാരൻ ജിതിൻ ബാബു എന്നീ കുട്ടികൾ നാടിന്റെ സ്നേഹഭാജനങ്ങളായത്.കാരി എ .എൽ .പി സ്കൂൾ വിദ്യാർഥികളായ ആരോമലും ഹേമന്തും കുളത്തിൽ നീന്തി കളിക്കുന്നതിനിടയിൽ ഹേമന്തിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഒന്നാം ക്ലാസുകാരനായ  ആരോമലിന്റെ നിലവിളി കേട്ട് ദൈവദൂതരെ പോലെ ഓടി എത്തിയ മൂവരും കുമിള കണ്ട ഭാഗത്തേക്ക് എടുത്തു ചാടുകയായിരുന്നു. ഹേമന്തിന്റെ തലമുടിയിൽ ബലമായി പിടിച്ച് കരക്ക് എത്തിച്ചതിനു ശേഷം കുട്ടികൾ തന്നെ കൃത്രിമ ശ്വാസവും പ്രഥമ ശുശ്രൂഷയും നൽകിയ ശേഷമാണ് നാട്ടുകാരെത്തി ആശുപത്രിയിൽ കൊണ്ടു പോകുന്നത്.
അരയി ഗവ.യു.പി.സ്കൂളിൽ ഒരുക്കിയ കളർ ചോക്ക് എന്ന പരിപാടിയിലാണ് അപൂർവമായ ധീരതയിലൂടെ നാടിന് മാതൃകയായ കുട്ടികൾക്ക് പുരസ്കാരം നൽകിയത്.പ്രശസ്ത നിരൂപകനും കക്കാട്ട് ഗവ.ഹൈസ്കൂൾ പ്രഥമാധ്യാപകനുമായ ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.രാജൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സി.കെ. വത്സലൻ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. പ്രഥമാധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ കൊടക്കാട് നാരായണൻ കുട്ടികളെ പരിചയപ്പെടുത്തി.പ്രകാശൻ കരിവെള്ളൂർ, ശോഭന കൊഴുമ്മൽ പ്രസംഗിച്ചു.  ജില്ലാതല പുരസ്കാരം നേടിയ അഭിരാം, നീലിമ എന്നിവരെ അനുമോദിച്ചു. മൃദുല സ്കൂൾ ലൈബ്രറിയിലേക്ക്  പിറന്നാൾ പുസ്തകം നൽകി.മിഥുൻ രാജ്, ആദിത്യൻ, നീലിമ എന്നിവർ അധ്യാപക കഥകൾ അവതരിപ്പിച്ചു. സുനിമോൾ രചനയും കെ.വി.സൈജു സംഗീതവും നിർവഹിച്ച ഗുരു വന്ദനം ഗോപിക, ദേവിക,അഭിരാമി, അമേയ എന്നീ കുട്ടികൾ ആലപിച്ചു.

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

അരയി ഗവ.യു. പി.സ്കൂൾ ഒരുമയിലൂടെ മുന്നോട്ട്

ഇന്ന് അധ്യാപക ദിനം
"മരണത്തിന് അവധി നൽകരുത്. പകരം കൂടുതൽ സമയം പ്രവർത്തിക്കണം". മഹാനായ എ.പി.ജെ.അബ്ദുൾ കലാമിന്റെ വാക്കുകൾ നടപ്പിലാക്കുന്നത് ഒരു ദിവസമല്ല. ഒരു വർഷം മുഴുവനും! അധ്യാപകർ ഒരു കുടുംബത്തിലെ പോലെ സ്നേഹത്തോടെ യും ഒരുമയോടെയും കഴിയുന്ന വിദ്യാലയങ്ങൾക്കേ ഇത്തരം സ്വപ്നം കാണാനും യാഥാർഥ്യമാക്കാനും കഴിയൂ. അവഗണിക്കപ്പെട്ട അരയി ഗവ.യു.പി.സ്കൂളിനെ രണ്ടു വർഷം കൊണ്ട് സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയമാക്കി മാറ്റിയതിനു പിന്നിൽ ഈ കൂട്ടായ്മയാണ്. അധ്യാപകരിലെ ഈ അപൂർവ കൂട്ടായ്മ രക്ഷിതാക്കളും നാട്ടുകാരും ഏറ്റെടുത്തു. "അരയി : ഒരുമയുടെ തിരുമധുരം " വിജയം കണ്ടു. നൂറിൽ താഴെ മാത്രം കുട്ടികളുണ്ടായിരുന്ന വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം രണ്ടു വർഷം കൊണ്ട് ഇരട്ടിയലധികമായി . കാഞ്ഞങ്ങാട് നഗരസഭ വരുന്ന അഞ്ചു വർഷം കൊണ്ട് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.
രാവിലെ 9 മണിക്ക് മണി മുഴങ്ങുമ്പോൾ തന്നെ അധ്യാപകരും കുട്ടികളും റെഡി. കുട്ടികളുടെ റേഡിയോ അരയി വാണിയോടെയാണ് തുടക്കം. കൊച്ചുവാർത്തകൾ, കുഞ്ഞിച്ചിറകുകൾ, കിളിമൊഴി ... എല്ലാ പരിപാടികളും നിശ്ചയിക്കുന്നതും അവതരിപ്പിക്കുന്നതും കുട്ടികൾ തന്നെ. അതിനായി ഒരു കുഞ്ഞു എഡിറ്റോറിയൽ ബോഡ് തന്നെയുണ്ട് അവർക്ക് .
എല്ലാ കാര്യത്തിലും ഒരുമയോടെ നീങ്ങുന്ന അധ്യാപകർക്കിടയിൽ ഒരു കാര്യത്തിൽ മാത്രം കടുത്ത മത്സരമുണ്ട്. അത് തങ്ങളുടെ ക്ലാസ് മുറിയിൽ ഏറ്റവും മികച്ച പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും മാത്രം.
ക്ലാസിൽ നടക്കുന്ന കാര്യങ്ങൾ തത്സമയം രക്ഷിതാക്കളെ അറിയിക്കാൻ രക്ഷിതാക്കളുടെ വാട്ട്സ് അപ് കൂട്ടായ്മയുമുണ്ട്. അധ്യാപകർക്ക് കുട്ടികളുടെ ഗൃഹപാഠങ്ങൾ മോണിറ്റർ ചെയ്യാനും  ഈ സ്മാർട്ട് ഫോൺ കൂട്ടായ്മയിലൂടെ കഴിയുന്നു.  മികച്ച പഠന നിലവാരത്തിനുള്ള സ്റ്റേറ്റ് എക്സലൻസി അവാർഡ്  കഴിഞ്ഞ വർഷം  ലഭിച്ചത് അരയി സ്കൂളിനായിരുന്നു.
പഠന പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക സൃഷ്ടിച്ച അരയി ജൈവ കൃഷിയിലും നൂറുമേനി കൊയ്തു.കഴിഞ്ഞ വർഷം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം വിദ്യാലയത്തെ തേടിയെത്തി. വിഷമില്ലാത്ത പച്ചക്കറികൾ കൊണ്ട് വിഭവസമൃദ്ധമായ ഉച്ചയൂണ് - അരയി നടപ്പിലാക്കുന്നത് ഇങ്ങനെയാണ്. വിദ്യാലയം സന്ദർശിച്ച നൂറിലേറെ പ്രഥമാധ്യാപകരും പിടിഎ ഭാരവാഹികളും ഉച്ചഭക്ഷണ മെനു കണ്ട് അന്തം വിട്ടു .ദിവസവും മൂന്നും നാലും കറികൾ.ആഴ്ചയിൽ ഒരു ദിവസം സ്പെഷൽ പായസം. പിറന്നാൾ സദ്യ വേറെയും. തറവാടുകളും രക്ഷിതാക്കളും വിദ്യാലയത്തിലേക്ക് നാടൻ വിഭവങ്ങൾ എത്തിക്കാൻ മത്സരത്തിലാണ്. പാചകത്തിനുമുണ്ട് അമ്മമാരുടെ കൂട്ടായ്മ.
തീർന്നില്ല അരയി വിശേഷം. ദിനാചരണങ്ങളും മേളകളും തുടങ്ങി വിദ്യാലയത്തിലെ എല്ലാ പരിപാടികളിലും ജനപങ്കാളിത്തം കാണാം. കഴിഞ്ഞ വർഷത്തെ ദേശീയ അധ്യാപക അവാർഡ് കൊടക്കാട് നാരായണൻ പ്രഥമാധ്യാപകനായി എത്തിയതോടെയാണ് അരയിയുടെ ശനിദശ മാറിയത്.മികച്ച പി.ടി.എ യ്ക്ക് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം, സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക്  ജില്ലാതല പുരസ്കാരം, മികച്ച ബ്ലോഗിനുള്ള പുരസ്കാരം,സീഡ്, വണ്ടർലാന്റ് പുരസ്കാരം :.. അരയിയിലേക്ക് സമ്മാനങ്ങളുടെ പെരുമഴ തന്നെയായിരുന്നു. ശോഭനകൊഴുമ്മൽ, കെ.വനജ, പ്രകാശൻ കരിവെള്ളൂർ, കെ.വി.സൈജു, എ.വി.ഹേമാവതി, പി.ബിന്ദു, സിനി എബ്രഹാം, കെ.ശ്രീജ, ടി..ഷീബ, ടി.വി.സവിത, ടി.വി.രസ്ന എന്നിവരാണ് അധ്യാപകർ.കെ.അനിതയാണ് ഓഫീസ് അറ്റൻഡർ.പി.രാജൻ പി.ടി.എ. പ്രസിഡന്റ്, എസ്.സി.റഹ്മത്ത് മദർ പിടിഎ പ്രസിഡന്റ്.കെ.അമ്പാടി ചെയർമാനായി വികസന സമിതിയുമുണ്ട്.

അരയി ഗവ.യു. പി.സ്കൂൾ ഒരുമയിലൂടെ മുന്നോട്ട്

അധ്യാപകരെ ആദരിക്കാൻ അരയി സ്കൂളിൽ കളർ ചോക്ക്

അധ്യാപകരെ ആദരിക്കാൻ അരയി സ്കൂളിൽ കളർ ചോക്ക്
അറിവിന്റെ നിറ വെളിച്ചം പകർന്ന് തലമുറകളെ വിജ്ഞാനത്തിലേക്ക് കൈപിടിച്ചുയർത്തിയ അധ്യാപകരെ ആദരിക്കാൻ അരയി ഗവ.യു.പി.സ്കൂളിൽ "കളർ ചോക്ക് "പരിപാടി.
സെപ്തംബർ 5ന് അധ്യാപക ദിനത്തിൽ നടക്കുന്ന പരിപാടി പ്രശസ്ത നിരൂപകനും കക്കാട്ട് ഗവ.ഹൈസ്കൂൾ പ്രഥമാധ്യാപകനുമായ ഇ.പി..രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. വെള്ളത്തിൽ വീണ കുട്ടിയെ കരയ്ക്ക്  എത്തിച്ച് കൃത്രിമ ശ്വാസോഛ്വാസം നൽകി ജീവൻ രക്ഷിച്ചതിലൂടെ  മനുഷ്യത്വത്തിന്റെ നല്ല പാഠം പകർന്ന അച്ചാംതുരുത്തി രാജാസ് എ യു പി.സ്കൂൾ വിദ്യാർഥികളായ ജിതിൻ ബാബു, അക്ഷയ്, ആകാശ് , ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടിയ അഭിരാം (തൈക്കോൺഡോ) നീലിമ(ചിത്രരചന) എന്നിവരെ അനുമോദിക്കും. ഗുരു സ്മൃതി, ഗുരു വന്ദനം പരിപാടിയുമുണ്ടായിരിക്കും.