Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2017, മാർച്ച് 31, വെള്ളിയാഴ്‌ച

അധ്യയനവർഷം അവസാനിച്ചു.ആയിരം മണിക്കൂർ തികയ്ക്കാതെ

അധ്യയനവർഷം അവസാനിച്ചു.ആയിരം മണിക്കൂർ തികയ്ക്കാതെ
എല്ലാവർക്കും 1200 മണിക്കൂർ നൽകി അരയി സ്കൂൾ

എല്ലാവർക്കും ആയിരം മണിക്കൂർ ലക്ഷ്യമിട്ട് ആരംഭിച്ച അധ്യയന വർഷം അവസാനിച്ചു.ഹർത്താലും പണിമുടക്കും പ്രാദേശിക അവധികളും കാരണം വിദ്യാഭ്യാസ കലണ്ടറിലെ ഇരുന്നൂറ് പ്രവൃത്തി ദിവസങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ തൊള്ളായിരം സാധ്യായ  മണിക്കൂറുകൾ മാത്രമാണ് ഭൂരിഭാഗം വിദ്യാർഥികൾക്കും ലഭിച്ചത്. ഹൈസ്കൂളുകളോട് ചേർന്ന പ്രൈമറി വിദ്യാർഥികൾക്ക് ലഭിച്ച മണിക്കൂറുകൾ ഇതിലും താഴെ മാത്രമാണ്.
ആയിരത്തിനു പകരം ആയിരത്തി ഇരുന്നൂറ് മണിക്കൂർ ജോലി ചെയ്ത് കലാമിന്റെ വാക്കുകൾ   യാഥാർഥ്യ മാക്കിയിരിക്കയാണ്  കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂൾ അധ്യാപകർ. വർഷം മുഴുവനും രാവിലെ ഒൻപത് മണിക്ക് തന്നെ ക്ലാസ്  മുറിയുടെ  വാതിലുകൾ വിദ്യാർഥികൾക്ക്  തുറന്നു കൊടുത്തു. ഇതിനു പുറമെ പത്ത് അവധി ദിവസങ്ങൾ അധികമായി പ്രവർത്തിച്ചു.  കുട്ടികൾ അധികമായി  ലഭിച്ച പഠനസമയം ഉത്സവമാക്കിമാറ്റി.കളിയിലൂടെ,
പരീക്ഷണങ്ങളിലൂടെ, നിർമ്മാണപ്രവർത്തനങ്ങളിലൂടെ  അവർ അറിവിന്റെ നവ ലോകം കണ്ടു. കുട്ടികളുടെ റേഡിയോ  അരയി വാണിയിലൂടെ കലയുടെയും സാഹിത്യത്തിന്റെയും കലവറകൾ തുറന്നു
കഴിഞ്ഞ മാസം  24ന് ശനിയാഴ്ച കേരളത്തിലുടനീളം നടന്ന അധ്യാപക സംഗമത്തിൽ അരയി മാതൃകയുടെ  വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. പ്രൈമറി തൊട്ട് ഹയർ സെക്കണ്ടറി വരെയുള്ള ലക്ഷക്കണക്കിന് അധ്യാപകരിലേക്ക് അരയിയിലെ അധ്യാപകരുടെ ഒരുമ എത്തിയത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഈ വിജയഗാഥയുടെ തന്ത്രങ്ങൾ അന്വേഷിച്ച് വിളികളും മെയിലുകളും പ്രവഹിക്കുകയാണ്.
..............................
.... ......................
വയറ് നിറച്ച് ഉച്ചയൂണ്; മനസ്സ് നിറച്ച് ഇംഗ്ലിഷ് ഫെസ്റ്റ്
അരയിയിലെ ഉച്ചയൂണ് പോലെ പ്രസിദ്ധമാണ് ഇംഗ്ലിഷ് ഫെസ്റ്റ് .സംസ്ഥാന തലത്തിൽ ഹലോ ഇംഗ്ലീഷ് പദ്ധതി ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇംഗ്ലിഷ് മികവ് വർധിപ്പിക്കാൻ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ് വരെ ആരംഭിച്ച ഇംഗ്ലിഷ് ഫെസ്റ്റ് വൻ വിജയമായി .ഒന്നാം തരത്തിലെ കുട്ടികൾ ഇംഗ്ലിഷിൽ സംഭാഷണം നടത്തും.കഥ പറയും. പാട്ടു പാടും.മലയാളത്തിൽ നിന്ന് കുട്ടിക്കവിതകൾ വിവർത്തനം ചെയ്യും. അരയി വാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ഇംഗ്ലിഷ് ട്രാക്ക് തന്നെ വിഭവ സമൃദ്ധമാണ്.ഇംഗ്ലിഷ് മീഡിയത്തിൽ  നിന്ന്  കുട്ടികളെ  അരയിയിലേക്ക് മാറ്റി ചേർക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ച ഘടകവും ഈ ഇംഗ്ലിഷ് സദ്യ തന്നെ.
തനി നാടൻ കറികളാണ് ഓരോ ദിവസവും വിളമ്പുന്നത്. വിദ്യാലയത്തിന് സ്വന്തമായി ജൈവ പച്ചക്കറിത്തോട്ടം തന്നെയുണ്ട്. കണ്ടംകുട്ടി ചാലിലെ മാധവിയമ്മയുടെ വയൽ പാട്ടത്തിനെടുത്താണ് കൃഷി.പി ടി എ കമ്മറ്റിയംഗം പി.ഭാസ്ക്കരനാണ് മുഖ്യ ചുമതല സ്കൂൾ ഹരിതസേനയും മദർ പി ടി എ യും അധ്യാപകരും നേതൃത്വം നൽകുന്നു. സാമ്പാർ,അവിയൽ, കൂട്ടുകറി,പുളിശ്ശേരി, വറവ്,പച്ചടി, അച്ചാർ നാലിൽ കുറഞ്ഞ ദിവസമേ ഇല്ല. ആഴ്ചയിൽ ഒരു ദിവസം പായസവുമുണ്ട്. വാഴകൃഷിയുടെ സീസണായാൽ ഒരു കുല കുട്ടികൾക്ക് സംഭാവന ചെയ്യുന്ന ധാരാളം നേന്ത്രവാഴ കർഷകർ ഉണ്ട്.കൂമ്പു തോരനും വാഴപ്പിണ്ടി പെരക്കും കുട്ടികൾക്ക് പ്രിയപ്പെട്ട വിഭവമാണ്. ചക്കക്കാലമായാൽ ചക്കയാണ് താരം പാവയ്ക്കകൊണ്ടാട്ടവും ഉപ്പിലിട്ട മാങ്ങയും വിവിധ തരം ഇലക്കറികളുമാണ് ജൂൺ, ജൂലായ് മാസങ്ങളിലെ സ്പെഷൽ .രക്ഷിതാക്കൾ സംഭാവനയായി നൽകുന്ന നെല്ലിക്ക, മാങ്ങ എന്നിവ കൊണ്ടാണ് അച്ചാർ തയ്യാറാക്കുന്നത്‌. അടുത്ത അധ്യയന വർഷത്തേക്ക് പത്ത് കിലോ നാടൻ നെല്ലിക്ക തേനിൽ സംസ്കരിച്ചു വെച്ചിരിക്കയാണ്.ഉച്ചയൂണിന്റെ കറികൾ തയ്യാറാക്കാൻ അഞ്ചും ആറും അമ്മമാർ ഊഴമിട്ട് എത്തുന്നതു കൊണ്ടു മാത്രമാണ് കുട്ടികൾക്ക് മുടങ്ങാതെ സദ്യ നൽകാൻ കഴിയുന്നതെന്ന് പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ പറഞ്ഞു. പിറന്നാളും ഗൃഹപ്രവേശനവും വിവാഹവും നടക്കുമ്പോൾ അരയി സ്കൂൾ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത് നാട്ടുകാരുടെ ശീലമായി മാറി.
രുചിയേറിയ സദ്യ പതിവായതോടെ ഒരന്നം പോലും പാഴാക്കാതെ പാത്രം കണ്ണാടിയാക്കുന്ന എന്റെ പാത്രം നിനക്കു കണ്ണാടി പദ്ധതിയും ആരംഭിച്ചു. ഊണിനു ശേഷം പാത്രം കഴുകുന്നതിനു മുൻപ് ചോറ്റ് പാത്രത്തിൽ  കൂട്ടുകാരന്റെ മുഖം കാണിക്കുന്ന പദ്ധതിയാണിത്. ആഹാരവും വെള്ളവും കരുതലോടെ ഉപയോഗിക്കണമെന്ന ശീലം കുട്ടിയിൽ ഉറപ്പിക്കാൻ ഇതിലും നല്ല വഴി വേറെയില്ല. പി.ടി.എ പ്രസിഡന്റ് പി.രാജൻ പറഞ്ഞു.
എന്റെ പാത്രം നിനക്കു കണ്ണാടി : ഒന്നാംതരത്തിലെ ശിവദയുടെ മുഖം ശിവന്യയുടെ പാത്രത്തിൽ തെളിഞ്ഞപ്പോൾ

അരയിക്ക് ഇരട്ട നേട്ടം

കാസർഗോഡ് ജില്ലയിലെ  പത്ത് മികവുകൾ ദേശീയ തലത്തിൽ വ്യാപിപ്പിക്കും.
അരയിക്ക് ഇരട്ട നേട്ടം
കാസർഗോഡ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പത്ത് മികവുകൾ ദേശീയ തലത്തിൽ വ്യാപിപ്പിക്കും. പൊതുവിദ്യാഭ്യാസ വകുപ്പും സർവശിക്ഷാ അഭിയാനും  സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സെമിനാറിൽ  ജില്ലയിലെ ഒൻപത് വിദ്യാലയങ്ങൾ അവതരിപ്പിച്ച മാതൃകകൾ കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയരക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ പറഞ്ഞു. അരയി ഗവ.യു.പി.സ്കൂളിൽ നിന്നു മാത്രമാണ് രണ്ടു മികവുകൾക്ക് ദേശീയ തല അംഗീകാരം ലഭിച്ചത്.
സംസ്ഥാനത്തെ നൂറു വിദ്യാലയങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത മികച്ച മാതൃകകൾ എൻ.സി.ഇ.ആർ.ടി.ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി വിദ്യാഭ്യാസ വിദഗ്ദ്ധർ പങ്കെടുക്കുന്ന ശില്പശാലകളിൽ അവതരിപ്പിച്ച ശേഷമാണ് രാജ്യത്തെ മറ്റു വിദ്യാലയങ്ങളിൽ  നടപ്പിലാക്കുക.അരയി ഗവ.യു.പി.സ്കൂൾ, ഗവ.യു.പി.സ്കൂൾ കരിച്ചേരി, ഗവ.എൽ.പി.സ്കൂൾ കയ്യൂർ, ഗവ.എൽ.പി.സ്കൂൾ മാടക്കാൽ, ഗവ. വെൽഫേർ എൽ പി.സ്കൂൾ ബാര, ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ, മൊഗ്രാൽ പുത്തൂർ, ഗവ. എച്ച് എസ്.എസ് പൈവളിഗെ നഗർ ,ഇസത്തുൽ ഇസ്ലാമിയ എ.എൽ.പി സ്കൂൾ ചന്തേര, എ.യു.പി.സ്കൂൾ പൊതാവൂർ എന്നീ ഒൻപതു വിദ്യാലയങ്ങളിലെ മികവുകളാണ് ദേശീയ തല സെമിനാറിൽ അവതരിപ്പിച്ച് അംഗീകാരം നേടിയത്.
ന്യൂഡൽഹി  ന്യൂപ്പ സർവകലാശാല വി.സി.പ്രൊഫ.ജന്ധ്യാല ബി.ജെ. തിലക്, എൻ.സി.ഇ.ആർ.ടി.യിലെ പ്രൊഫ. അനിത നൂന, ഡോ.മൈഥിലി, ചെന്നൈ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിലെ ഡോ.ആർ.രാമാനുജൻ, ഡോ.ബി.ഇക്ബാൽ ,ഡോ. ടി പി കലാധരൻ, ഡോ. പി.കെ.ജയരാജ്,   ഡോ.രാജൻ ഗുരുക്കൾ, ഡോ.മൈക്കിൾ തരകൻ, തുടങ്ങിയ പ്രഗത്ഭരാണ് സെമിനാറിൽ ക്ലാസുകൾ നയിച്ചത്.


2017, മാർച്ച് 12, ഞായറാഴ്‌ച

വിസ്മയവരമ്പത്തൂടെ കുരുന്നുകൾ

കുള്ളൻ വിനയനെയും റഹിം രാജകുമാരനെയും  കൂട്ടി നാടകകൃത്ത് അരയിയിലെത്തി
 വിസ്മയ വരമ്പിലൂടങ്ങനെ, ആൾരൂപങ്ങൾ, അലമാരയിലെ സ്വപ്നങ്ങൾ എന്നീ നാടകങ്ങളിലൂടെ കുട്ടികൾക്ക് പ്രിയങ്കരനായ നാടകകൃത്ത്
ഹരിദാസ് കരിവെള്ളൂരിന് അരയി ഗവ.യു.പി.സ്കൂളിൽ ഹൃദ്യമായ വരവേല്പ്.എസ്.എസ്.എ യുടെ സഹകരണത്തോടെ സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന നാടക സഹവാസം  തീയേറ്റർ 2017 ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം  സ്കൂളിലെത്തിയത്.

ഉദ്ഘാടന  പ്രസംഗത്തിനു ശേഷം ക്യാമ്പംഗങ്ങളുമായി നടത്തിയ സംവാദത്തിലാണ്  തിരക്കഥാകൃത്ത് കൂടിയായ  ഹരിദാസ് കരിവെള്ളൂർ വിദ്യാർഥികളുടെ മുന്നിൽ  മനസ്സു തുറന്നത്.നാടകങ്ങളുടെയും  ടി.വി. സീരിയലുകളുടെയും  രചനാനുഭവങ്ങൾ  പങ്കുവെച്ചത് കുട്ടികളോടൊപ്പം  മുതിർന്നവർക്കും കൗതുകമായി.
സ്കൂളിലെ തന്നെക്കാൾ തടിമിടുക്കുള്ള കുട്ടികളെ താൻ നായകനായി താൻ തന്നെ   രചിച്ച നാടകത്തിലെ വില്ലന്മാരാക്കി അടിച്ചു വീഴ്ത്തിക്കൊണ്ടാണ്  ഹരിദാസിലെ കുട്ടി എഴുത്തുകാരൻ നാടകകൃത്തായി മാറിയത്. വായനയിൽ നിന്നും യാത്രാവേളകളിൽ നിന്നും സ്വപ്നങ്ങളിൽ നിന്നുമാണ് കഥയ് ക്കാവശ്യമായ പ്രമേയങ്ങൾ ലഭിക്കുന്നതെന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വിശദീകരിച്ചു.
കലാഭവൻ മണിയുടെ കണ്ണിനും കണ്ണാടിക്കും എന്ന സിനിമ തിരക്കഥ എഴുതിയ ഹരിദാസ് സിനിമാരംഗത്തെ അനുഭവങ്ങളും അനുസ്മരിച്ചു.രക്ഷകൻ, മേൽവിലാസം ശരിയാണ് എന്നീ സിനിമകൾക്ക് പിന്നിലെ അണിയറ രഹസ്യങ്ങൾ കുട്ടികൾക്ക് രസകരമായ അനുഭവമായി. വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരെഞ്ഞെടുത്ത നാല്പത് കുട്ടികൾ ആണ് ക്യാമ്പംഗങ്ങൾ
ഉദ്ഘാടന ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയനാവി മുഖ്യാതിഥിയായി കൗൺസിലർ സി.കെ. വത്സലൻ അധ്യക്ഷത വഹിച്ചു..പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ,പി.രാജഗോപാലൻ, കെ.അമ്പാടി, പി.രാജൻ, സി.പവിത്രൻ, പി.പി.രാജു, ശോഭന കൊഴുമ്മൽ, സ്കൂൾ ലീഡർ, പി.മിഥുൻരാജ് പ്രസംഗിച്ചു.പ്രകാശൻ കരിവെള്ളൂരാണ് ക്യാമ്പ് ഡയരക്ടർ.

2017, മാർച്ച് 10, വെള്ളിയാഴ്‌ച

ഇംഗ്ലീഷിൽ മികവ് തെളിയിച്ച് ബാലോത്സവം

ഇംഗ്ലീഷിൽ മികവ് തെളിയിച്ച് ബാലോത്സവം
രക്ഷിതാക്കളുടെ കൈയടി നേടി അരയി ഗവ.യു.പി.സ്കൂൾ 

പൊതു വിദ്യാലയങ്ങളിലെ കുട്ടികളും   ഇംഗ്ലീഷ്  നന്നായി സംസാരിക്കും. ഇംഗ്ലീഷ് ഭാഷയിൽ കഥകളും കവിതകളും അവതരിപ്പിക്കും.പ്രീ - പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള ഇരുന്നൂറിലധികം കുട്ടികൾ അവതരിപ്പിച്ച   ഇംഗ്ലീഷ്  സ്കിറ്റുകളും നാടകങ്ങളും മികച്ച നിലവാരം പുലർത്തി, രക്ഷിതാക്കളുടെ കൈയടി നേടി.പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അരയി ഗവ.യു.പി.സ്കൂളിൽ നടന്ന ബാലോത്സവമാണ് മികവിന്റെ നേർകാഴ്ച യൊരുക്കി നാടിന്  ഉത്സവമായത്. ക്ലാസ് മുറിയിൽ പഠിച്ച വിഷയങ്ങൾ പ്രമേയമാക്കി അവർ അവതരിപ്പിച്ച പ്രകടനങ്ങൾ കാണാൻ ധാരാളം രക്ഷിതാക്കളും എത്തിയിരുന്നു. ഓരോ  പരിപാടിക്കും അവർ തന്നെ പശ്ചാത്തലമൊരുക്കി കളി കോപ്പുകൾ  അണിഞ്ഞ്  വേദിയിലെത്തിയപ്പോൾ അവ പ്രൊഫഷണൽ ഇംഗ്ലിഷ് നാടകങ്ങളെ പോലും വെല്ലുന്നതായി.  സാമൂഹ്യ ശാസ്ത്രവും അടിസ്ഥാന ശാസ്ത്രവും ഗണിതവിജ്ഞാനം  പോലും കുട്ടികളുടെ  സർഗാത്മകതയ്ക്കു  പ്രമേയങ്ങളായി. ഓരോ ക്ലാസിലും ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഉല്പന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
പരിപാടിയിൽ കാർത്തിക, അരയിസെന്റർ, അരയി, കണ്ടംകുട്ടിചാൽ എന്നി അംഗൻവാടികളിലെ  നാല്പതോളം  കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു.
നഗരസഭാ കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. വി മധുസൂദനൻ മലയാളത്തിളക്കം വിജയ വിദ്യാലയ പ്രഖ്യാപനം നടത്തി.പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, കെ.അമ്പാടി ,അംഗൻവാടി അധ്യാപികമാരായ ഗീത, പ്രേമലത,അജിത, സീമ എന്നിവർ പ്രസംഗിച്ചു.

2017, മാർച്ച് 8, ബുധനാഴ്‌ച

Exhibition of Excellence

Exhibition of Excellence

അരയി സ്കൂളിൽ എല്ലാ കുട്ടികൾക്കും ആയിരം മണിക്കൂർ


ലാം വഴികാട്ടി :
അരയി സ്കൂളിൽ എല്ലാ കുട്ടികൾക്കും ആയിരം മണിക്കൂർ.
അധ്യയനവർഷം അവസാനിക്കാൻ ഇരുപത് പ്രവൃത്തി ദിനങ്ങൾ അവശേഷിക്കുമ്പോൾ എല്ലാ കുട്ടികൾക്കും ആയിരം മണിക്കൂർ സമ്മാനിച്ച് കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂൾ. മുൻ രാഷ്ട്രപതി എ .പി.ജെ.അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ അനുസ്മരിച്ച് കഴിഞ്ഞ അധ്യയന വർഷം ഒരാഴ്ച അധിക സമയം പ്രവർത്തിച്ച വിദ്യാലയം ഈ വർഷം ജൂൺ ഒന്ന് മുതൽ തന്നെ കലാമിന്റെ പിരിയഡ് എന്ന പേരിൽ എല്ലാ ദിവസവും  രാവിലെ 9.15 ന് തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. കുട്ടികളുടെ എണ്ണം കുറഞ്ഞ് പൂട്ടേണ്ട അവസ്ഥയിലായ ഈ വിദ്യാലയത്തിൽ  ജനകീയ ഇടപെടലുകളിലൂടെ ഇന്ന് മൂന്നിരട്ടിയോളം  കുട്ടികൾ പഠിക്കുന്നു.


അധ്യയന വർഷത്തിലെ 175 പ്രവൃത്തി ദിവസങ്ങൾ പൂർത്തിയായപ്പോൾ ആയിരത്തി നാല്  സാധ്യായ മണിക്കൂറുകൾ തികച്ചിരിക്കയാണ് ഈ സർക്കാർ വിദ്യാലയം.പ്രധാനാധ്യാപകൻ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണന്റെ നേതൃത്വത്തിൽ അധ്യാപകരായ ശോഭന കൊഴുമ്മൽ, കെ.വി സൈജു.,കെ.വനജ, ടി.വി.പ്രകാശൻ, എ.വി.ഹേമാവതി,പിബിന്ദു, സിനി എബ്രഹാം, കെ.ശ്രീജ, കെ.ഷീബ, ടി.വി.സവിത എന്നിവരോടൊപ്പം ഓഫീസ് അറ്റൻഡർ കെ.അനിത ,രക്ഷിതാക്കൾ ,വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ്മയിലൂടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തന്നെ അഭിമാനമായി ഇത്തരമൊരു  നേട്ടം കൊയ്യാൻ ഈ വിദ്യാലയത്തിനായത്.
മികവുത്സവങ്ങൾ, വാർഷികം, മൂല്യനിർണയം എന്നിവയ്ക്കു  പുറമെ എസ്.എസ്.എ യുടെ സഹവാസങ്ങൾക്കും കൂടി  ഈ മാസം സമയം കണ്ടെത്തേണ്ടി  വരുമ്പോൾ ആയിരം മണിക്കൂർ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങും.പത്താംതരം  മോഡലിനും പൊതു പരീക്ഷയ്ക്കും വേണ്ടി ഫെബ്രുവരി മാസത്തിൽ തന്നെ ക്ലാസുകൾ അവസാനിപ്പിച്ച ഹൈസ്കൂളുകളിലെ ഒന്നാം തരം തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആകെ ലഭിച്ച സാധ്യായ മണിക്കൂറുകൾ തൊള്ളായിരത്തിനടുത്തേ വരൂ.